കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Dec 25, 2011

ഡിസംബര്‍


വെളുത്ത ചുമരിലെ
തുരുമ്പ് തിന്ന ആണിത്തലപ്പില്‍
വേര്‍പ്പടിന്‍റെ അക്കങ്ങള്‍
തൂങ്ങിയാടുന്നുണ്ട്.

തണുത്തുറഞ്ഞ മകരപ്പുലരിയിലും
മഞ്ഞുകണങ്ങളായി പെയ്യുന്നത്
കിതച്ചോടുന്ന നിമിഷങ്ങളുടെ
വിയര്‍പ്പുതുള്ളികള്‍.

കണ്ണ് ചുവന്ന അവധി ദിനങ്ങള്‍ക്ക്
അസ്തമയ സൂര്യന്‍റെ
നിസ്സംഗത.

കലണ്ടറിലെ നരച്ച താളുകള്‍ക്ക്
വയോധികതയുടെ ഞെരങ്ങലുണ്ട്,
കാറ്റ് വീശുമ്പോള്‍.

പെയ്തുതോര്‍ന്നര്‍ന്ന സ്വപ്നങ്ങളില്‍
മുളക്കാത്ത മോഹങ്ങളെ
പഴിച്ച്, വിലപിച്ച്
ഒരു ഡിസംബര്‍ കൂടി നടന്നകലുകയാണ്..

Dec 13, 2011

ഉറി

ഓര്‍മയുണ്ട്,
തറവാട്ടുപുരയിലെ
തെക്കേ വടക്കിനിയില്‍
തെല്ല് പൊട്ടിയ കല്ലടുപ്പിന് മീതെ
ആരും തിരിഞ്ഞു നോക്കാനില്ലാതെ
നീ മരിച്ചുപോയത്‌..!

പറഞ്ഞുകേട്ടിട്ടുണ്ട്,
കരിപുരണ്ട കഴുക്കോലില്‍
കറുത്ത് നരച്ച വറച്ചട്ടിയുടെ
കദനഭാരവും പേറി
കാലങ്ങളോളമായി നീ
തല തൂക്കിക്കിടന്നത്..!


വല്യുമ്മ പറഞ്ഞതാണ്,
അയലത്തെ ആശാരിപ്പെണ്ണിനെ
പാളിയ പ്രേമം തൂക്കിക്കൊന്നപ്പോള്‍
മുറ്റത്തെ മാവിന്‍കൊമ്പില്‍
കറുത്ത് മെലിഞ്ഞ് തൂങ്ങിക്കിടന്നവള്‍
നിന്നെ ഓര്‍മിപ്പിച്ചെന്ന്..!


മറന്നുകാണില്ല നീ,
ഉമ്മച്ചിയില്ലാത്ത തക്കത്തിന്
പതുങ്ങിവന്ന കാടന്‍പൂച്ച
പൊരിച്ച് വെച്ച ഉണക്കമീനിനായി
പലനാള്‍ പലകുറി
നിന്നെ കേറിപ്പിടിച്ചത്..!


സംശയമിതാണ്,
കറുത്ത് തൊലിഞ്ഞ നിന്‍റെ മേനി
ജന്മ സിദ്ധിയോ- അതോ,
പക പുകയുന്ന അടുപ്പ്‌
കല്‍പിച്ച് കറുപ്പിച്ചതോ..?


ഓര്‍മയുടെ ഉറിയില്‍
തൂങ്ങിയാടുന്നുണ്ട് നീ,
ഒരിക്കലും ഉടയാതെ...

Dec 6, 2011

പ്രിയപ്പെട്ട ബാബരീ..
പ്രിയപ്പെട്ട ബാബരീ..

ഓര്‍മകളില്‍ പെയ്തു തീരാത്ത
വേദനയാണ് നീ..
സിരകളില്‍ അലിഞ്ഞു പോവാത്ത
വികാരവും..

കണ്ണുകളില്‍ കനവ് വറ്റാത്ത
കുളിരായിരുന്നു നീ.
കാതുകളില്‍ ഒലിയടങ്ങാത്ത
മധുര വീചിയും..

ഭാരത മാതാവിന്‍റെ
തറവാടിത്തമായിരുന്നു നീ..
മതേതരത്വത്തിന്റെ മണിഗോപുരവും.
ചരിത്ര സന്ധ്യകളിലെ 
വഴിവിളക്കായിരുന്നു നീ.. 
പാരമ്പര്യ മഹിമയുടെ മായാചിത്രവും.

സ്വതന്ത്ര ഭാരതത്തിന്‍റെ
അഭിമാനസ്തംഭമായിരുന്നു നീ..
ശതകോടി ജനതയുടെ പൈതൃകവും.
ധര്‍മ്മസ്നേഹത്തിന്‍റെ
ദൈവസവിധമായിരുന്നു  നീ..
ധന്യജീവിതങ്ങളുടെ നിശ്വാസതാവളവും.


എന്നിട്ടുമെന്തേ,
നിന്‍ ഓമന താഴികക്കുടങ്ങളെ
അവര്‍  തച്ചുതകര്‍ത്തു..?
നീലവാനിലലഞ്ഞ നിന്‍ ബാന്കൊലിയെ
അവര്‍ അറുത്ത്‌ മാറ്റി..?
സ്നേഹത്തില്‍ ദ്വതിച്ച നിന്‍ ചെരാതുകള്‍
അവര്‍ ഊതിക്കെടുത്തി..?

അറിയില്ലെനിക്ക്,
നിനക്കുമതിനുത്തരം..!


തപിക്കുന്ന മാനസം ഊതിത്തണുപ്പിച്ച്,
പിടക്കുന്ന തന്ത്രികള്‍ മുറുകെ പിടിച്ച്,
ഒഴുകുന്ന നയനങ്ങള്‍ ഇറുക്കിയടച്ച്
നേരുന്നു ഞാന്‍ ബാബരീ..
നിനക്കാത്മ ശാന്തി..

നിന്‍ മരിക്കാത്ത സ്മൃതികള്‍ക്ക്,
ഉണങ്ങാത്ത ഓര്‍മകള്‍ക്ക്,
ഉറങ്ങാത്ത സ്മരണകള്‍ക്ക്
നിത്യശാന്തി...

Nov 25, 2011

തൊട്ടാവാടിപരിചയപ്പെട്ടിട്ടേയില്ല,
നാം തമ്മില്‍
മുമ്പൊരിക്കലും..

പേര് ചോദിച്ചിട്ടില്ല,
ഫോണ്‍ വിളിച്ചിട്ടില്ല
ഇന്നേ വരെ.

ഒറ്റക്കിരുന്ന് സല്ലപിച്ചിട്ടില്ല.
കൂട്ടത്തിലിരുന്നു
സൊറ പറഞ്ഞിട്ടില്ല.

കണ്ണുപൊത്തിക്കളിച്ചിട്ടില്ല,
അമ്മാനമാടിയിട്ടില്ല,
കൊത്തക്കല്ല് പെറുക്കിയിട്ടില്ല.

ഐസ്ക്രീം വാങ്ങിത്തന്നിട്ടില്ല,
ചോക്ലേറ്റ്‌ തിരിച്ചു തന്നിട്ടില്ല,
ഗ്രീറ്റിംഗ്സയച്ചിട്ടില്ല.

അറിയുക പോലുമില്ല,
നിനക്കെന്നെയും
എനിക്ക് നിന്നെയും..

എന്നിട്ടും,
ഇത് വേണ്ടായിരുന്നു..

വെറുതെ ഒന്ന് തൊട്ടപ്പോഴേക്ക്
ഒന്നുമുരിയാടാതെ
നീ വാടിപ്പോയത്..!!

Nov 3, 2011

സംസം
തീര്‍ത്ഥ ജലമേ...

കാറ്റ് കരിഞ്ഞുണങ്ങുന്ന
മരുപ്പറമ്പില്‍
കാലിട്ടടിച്ച് കരഞ്ഞ
ഒരു കുഞ്ഞിന്‍റെ കണ്ണീരു‍‍കണ്ട്
പൊട്ടിക്കരഞ്ഞു നീ..

കത്തിയാളുന്ന സൂര്യന്‍റെ
കല്ലേറ് സഹിച്ച്,
ഒരു തുള്ളി പ്രതീക്ഷതേടി
ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്ക്‌
ഓടി നടന്ന ഒരു പെണ്ണിന്‍റെ
ഹൃദയാഗ്നി കെടുത്തി നീ..

ഉരുകുന്ന മരുക്കാട്ടിലൂടെ
സ്വപ്‌നങ്ങള്‍ നിറച്ച
ഭാണ്ടങ്ങളുടെ ഭാരവും പേറി
ഒഴുകിനടന്ന ഖാഫില ക്കൂട്ടങ്ങള്‍ക്ക്
പൈദാഹമകറ്റി നീ..

യുഗങ്ങളുടെ പേമാരിയില്‍
അന്തകാരം കരകവിഞ്ഞപ്പോള്‍
ചെളി പുരണ്ട് വികൃതമായ
എത്രയോ മാനസങ്ങള്‍ക്ക്
വിശുദ്ധി പകര്‍ന്നു നീ..

സംസം..
നീ ചരിത്രമാണ്.
ഒരിക്കലും വറ്റാത്ത
ചരിത്രം...!

Oct 14, 2011

രണ്ട് കവിതകള്‍

ആധുനികത

എല്ലാം പൊറുക്കാം- പക്ഷേ,
നിന്‍റെ ഉദരത്തിന്‍റെ തടവറയില്‍
നീണ്ട പത്തുമാസമെന്നെ
നിഷ്കരുണം തടവിലിട്ട് ശിക്ഷിച്ചത്
പൊറുക്കാനാവില്ലെന്‍റെ തള്ളേ,
ഒരിക്കലും ഒരു നാളും..?!


ഉള്ളി


തൊലിപ്പുറത്തെ സൗന്ദര്യം
അകത്തുമുണ്ടായിരുന്നെങ്കില്‍
കണ്ണീര്‍ പൊഴിക്കേണ്ടാതില്ലായിരുന്നെനിക്ക്,
പൊളിച്ചു പൊളിച്ച്
നിന്‍റെ ഹൃദയം തൊട്ടപ്പോള്‍..!!

Oct 6, 2011

സൊല്യുഷന്‍


ഒന്ന് ബി യിലെ കണക്കുമാഷ്‌
പണ്ടേ പഠിപ്പിച്ചതാണ്
ഒന്നും ഒന്നും രണ്ടാണെന്ന്.

നിറമുള്ള രണ്ടു സ്വപ്‌നങ്ങള്‍
കൂട്ടിക്കെട്ടിക്കാണിച്ച്
ഇപ്പോള്‍ നീ പറയുന്നു
ഒന്നും ഒന്നും ഒന്നാണെന്ന്..!

സമ്മതിക്കില്ല ഞാന്‍,
കാരണമുണ്ട്.

തുരുമ്പെടുത്ത തകരപ്പിടിയുള്ള
എന്‍റെ പൊട്ടസ്ലേറ്റും തൂക്കിപ്പിടിച്ച്
എത്ര തവണയാണ്
ഞാന്‍ നിന്നെ സമീപിച്ചത്‌..?
വഴിമുട്ടിക്കിടന്ന ഒരു ഇക്വേഷന്
നിന്‍റെ സോല്യുഷന്‍ തേടി..?!

മറന്നിട്ടില്ല ഒന്നും,
എഴുത്ത് തെളിയാത്ത
പെന്‍സില്‍ പൊട്ടു കൊണ്ട്
അന്ന് നീയെന്നെ എറിഞ്ഞോടിച്ഛത്..
ഒന്നും ഒന്നും ഒരിക്കലും
ഒന്നാകില്ലെന്ന് നീ വാക്കുതന്നത്..!?

ഒന്നേ പറയാനുള്ളൂ..
നീയൊന്നാണ്.
ഞാനുമൊന്നാണ്.
ഒന്നും ഒന്നും എന്നും
രണ്ടാണ്...!!!

Sep 25, 2011

സമയംഎന്ത് തെറ്റിനാണാവോ
ഈ സമയത്തെ
ദൈവമിങ്ങനെ ശിക്ഷിച്ചത്..?

ഓടിത്തീര്‍ക്കുന്ന
വഴി ദൂരങ്ങള്‍ക്കിടയില്‍
ഒരു വഴിയമ്പലം പോലും
വെച്ച് കെട്ടാത്തതെന്തേ,
ഈ ദൈവം..?!

എന്നില്‍നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്നെന്നിലേക്കും
പിന്നെയും പിന്നെയും
കിതച്ച് കുതിക്കുന്നതിനിടയിലും
അടി തെറ്റിയിട്ടില്ലല്ലോ,
അതിനൊരു വട്ടം പോലും..?!!

ഉറപ്പാണ്‌,
ഒരിക്കല്‍ നിന്നെ തൊട്ട്
ഓടിക്കിതച്ച് വരുമ്പോള്‍
ഞാനുണ്ടായിരിക്കണമെന്നില്ല,
ഇവിടെ.

അന്ന് ആരെ തൊട്ടിട്ടായിരിക്കും
അത് പിന്നെയും നിന്നിലേക്ക്
വരിക...? ആവോ...?!!

Sep 7, 2011

തോരാക്കനവുകള്‍
ഒന്ന്
വക്കുപൊട്ടിയതാണെലും
ആ മുക്കണ്ണന്‍ ചിരട്ടയില്‍
നിനക്കൊരു
ചക്കരപ്പുട്ട് ചുട്ട് തരാന്‍
മണ്ണ് മാന്തിയെടുത്തത്
എന്‍റെ ഹൃദയത്തില്‍ നിന്നായിരുന്നു.

രണ്ട്
ഇന്നലെ വരെ
നീ ഇലയായിരുന്നു.
ഞാന്‍ കാറ്റും.
നാളെ മുതല്‍ നീ കടലാവുക.
ഞാന്‍ മഴയാകാം.

മൂന്ന്
ഹൃദയം പൊള്ളുന്നു.
നിന്‍റെ
ഈ സുഖമുള്ള നോട്ടത്തിലും..!

നാല്
തൊട്ടാവാടിയാണെങ്കില്‍
വെയില്‍ ഉമ്മ വെച്ചിട്ടും
കാറ്റ് വാരിപ്പുണര്‍ന്നിട്ടും
നീ വാടാതിരുന്നത്.?
ഒരിക്കലും നിനക്കാതെ
കുളിരുള്ളൊരു മഞ്ഞു തുള്ളിയായി
ഞാന്‍ നിന്‍റെ കണ്ണില്‍ വര്ഷിച്ചപ്പോഴേക്ക്
നീ വാടിപ്പോയതും..?!

അഞ്ച്
ഒരിക്കലോര്‍മിപ്പിച്ചതല്ലേ,
നീലക്കുറിഞ്ഞി
പിന്നെയും പൂക്കില്ലെന്ന്..?!!

Aug 14, 2011

ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ..!
ഇത് ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ.
ത്രിവര്‍ണ ചാതുരിയുടെ പെരുമ വറ്റാത്ത
ചരിത്ര ശോഭയുടെ,
അനന്യ സംസ്കൃതികളെ പെറ്റ്കൂട്ടിയ
നദീതടങ്ങളുടെ,
ഉലകത്തൊട്ടിലിലെ എണ്ണിയാലൊടുങ്ങാത്ത
ജനാധിപത്യ സ്വപ്നങ്ങളുടെ,
ചരിത്രച്ചീന്തുകള്‍ക്ക് പുറംചട്ട വെച്ച
ഭരണഘടനയുടെ,
അമ്പിളിക്കടവിലേക്ക് പാലം കെട്ടിയ
ചന്ദ്രയാനുകളുടെ,
വെണ്ണക്കല്ലില്‍ ഉണരാതെയുറങ്ങുന്ന
അനശ്വര പ്രണയങ്ങളുടെ
ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ..!


ഇതും 'ഇന്ക്രിഡ്ബ്ള്‍' ഇന്ത്യ..
വെടിയുണ്ടകള്‍ തുളഞ്ഞുകേറിയ
അഹിംസയുടെ,
മതഭ്രാന്തിന്‍റെ ത്രിശൂലങ്ങളില്‍ കോര്‍ത്ത
ബാന്കൊലികളുടെ,
ശവപ്പെട്ടിയില്‍ പൊതിഞ്ഞുവെച്ച
അഴിമതികളുടെ,
ചരിത്രജന്മങ്ങളെ ഊരുകടത്തിയ
ചിത്രങ്ങളുടെ,
സാങ്കേതികതകളെ എണ്ണിവിറ്റ
സ്പെക്ട്രങ്ങളുടെ,
സ്വാര്‍ത്ഥ ബലാല്‍കാരങ്ങളില്‍ തുണിയുരിയപ്പെട്ട
നിളാ നദികളുടെ,
"ഇന്ക്രിഡ്ബ്ള്‍" ഇന്ത്യ..!!

ഭാരത് മാതാ കീ ജയ്..
ഭാരത് മാതാ കീ ജയ്‌..

Aug 9, 2011

ഹിരോഷിമ കരയുകയാണ്..അന്നൊരിക്കലാണ്
ചെകുത്താന്‍റെ കണ്ണുകളിലെ
‍കൃഷ്ണമണികള്‍
നരകക്കിണറുകളായത്.
അവനിയുടെ ഗര്‍ഭപാത്രത്തില്‍
കുള്ളനും കുറിയവനും
പൊട്ടിച്ചിതറിയത്‌.
ഹിരോഷിമ മുതല്‍
ഫുക്കുഷിമ വരെ മണ്ണും മനസ്സും
വാടിക്കരിഞ്ഞത്..!

അന്നാണ്,
അഹങ്കാരത്തിന്‍റെ വിഷപ്പുക
സമുദ്രങ്ങള്‍ ഊറ്റിക്കുടിച്ചത്.
ആര്‍ത്തിയുടെ കരിനാവുകള്‍
ആകാശം നക്കിത്തുടച്ചത്.
ഹൃദയശൂന്യതയുടെ  ശവക്കൂനകള്‍
മാമലകളായത്..!

അന്നാണ്,
കറുത്ത നിഴലുകള്‍
പിന്നെയും കരിഞ്ഞുണങ്ങിയത്.
ഘടികാരസൂചികള്‍ നിലച്ചത്.
പാറക്കല്ലുകള്‍ ഉരുകിയൊലിച്ചത്.
പകലിന് പാതിരാവിന്‍റെ
നിറം വന്നത്..!

അന്ന് തന്നെയാണ്,
മരിച്ച ഇന്നലെകള്‍
ഒരിക്കലും മരിക്കാത്ത
നാളെകളായത്..!!

Jul 24, 2011

അസ്തമിക്കില്ലൊരിക്കലും ഈ പാതിരാസൂര്യന്‍...

( 2009 ഓഗസ്റ്റ്‌  ഒന്നിന്  നമ്മെ വിട്ടുപിരിഞ്ഞ പാണക്കാട്‌ 
സയ്യിദ്‌  മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ 
മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനാ പൂര്‍വം...മനസ്സിന്‍റെ മാനത്ത്‌
പൊരിവെയില്‍ കത്തിപ്പടരുന്നു..
ഓര്‍മകളുടെ കിതപ്പില്‍ 
കണ്ണുകള്‍ വിയര്‍ത്തൊലിക്കുന്നു..
അക്ഷരങ്ങളുടെ വിങ്ങലില്‍
വാക്കുകള്‍ അലിഞ്ഞ് തീരുന്നു..
സ്‌മൃതിയുടെ  ഓലക്കീറുകള്‍ക്കിടയിലൂടെ
വീണ്ടും ഉദിച്ചു പൊങ്ങുന്നു ,
അസ്തമിച്ചിട്ടും അണയാത്ത
എന്‍റെ പാതിരാസൂര്യന്‍...

കാലം കണ്ണ് തുടക്കുന്നു.
കാറ്റ് വീശാന്‍ മറക്കുന്നു.
കാര്‍മേഘങ്ങള്‍ തോരാന്‍ മടിക്കുന്നു.
ഓര്‍മകളുടെ ഓരങ്ങളില്‍ 
സങ്കടത്തിരമാല ആര്‍ത്തലച്ച് കരയുന്നു.
ചിരിക്കാതെ ചിരിക്കുന്ന പാല്‍ചന്ദ്രനെപ്പോല്‍
കണ്ണുകള്‍ നോക്കി പുഞ്ചിരിക്കുന്നു,
എന്‍റെ പാതിരാസൂര്യന്‍..

ഇരുള്‍ മുറ്റിയ പകലിലും 
കൂരിരുള്‍ തിങ്ങിയ രാവിലും
കാറ്റ് നിലക്കാത്ത മരുഭൂവിലും 
പെയ്തു തോരാത്ത മലയോരങ്ങളിലും
കെട്ടുപോകാത്ത മണ്‍ചെരാതുമായി
അണയാത്ത ഭദ്ര ദീപവുമായി
ഈ അന്ധനെ, ബാധിരനെ 
വഴി തെളിച്ച് നടത്തുന്നു,
എന്‍റെ പാതിരാസൂര്യന്‍..

കരകവിഞ്ഞ കണ്ണുകളെ 
തടം കെട്ടിയൊതുക്കിയതും
കടലിരമ്പുന്ന ഹൃദയങ്ങളെ
കാറ്റ് വീശിത്തണുപ്പിച്ചതും
ഇടിമുഴങ്ങുന്ന ചിന്തകളെ
ഈറന്‍ മഴയായി പെയ്യിച്ചതും
സങ്കടക്കടവുകളില്‍
കടത്തു തോണിയിറക്കിയതും
യുഗാന്തരങ്ങള്‍ക്ക് താരാട്ട് പാടിയ
കാലചക്രങ്ങളെ കൈപിടിച്ച് നടത്തിയ
എന്‍റെ പാതിരാസൂര്യന്‍..

പിളര്‍ന്ന സൗഹൃദങ്ങളെ
ചേര്‍ത്ത്‌ പടുത്തതും
ചിതറിയ സ്നേഹങ്ങളെ 
തുന്നിച്ചേര്‍ത്തതും
വാടിയ ബന്ധങ്ങളെ
നട്ടു പിടിപ്പിച്ചതും
ഹൃദയങ്ങള്‍ക്കകത്ത് 
ഹൃദയങ്ങള്‍ വെച്ചുപിടിപ്പിച്ച
എന്‍റെ പാതിരാ സൂര്യന്‍..

അസ്തമിക്കുമ്പോഴും 
ഉദിച്ച് കൊണ്ടിരിക്കുന്നു..
അണഞ്ഞു പോയിട്ടും 
തെളിഞ്ഞ് കൊണ്ടിരിക്കുന്നു..
നശ്വരതയിലും അനശ്വരനാവുന്നു.
ഹൃദയമുള്ള ഈ മണ്ണിലും വിണ്ണിലും
എന്‍റെ പാതിരാസൂര്യന്‍..

തേജ സ്വരൂപമേ നയിച്ചാലും,
സ്വര്‍ഗ്ഗ സുമോഹനതയിലേക്ക്..
ഈ അന്ധന്‍റെ കൈ പിടിച്ച്..

Jul 14, 2011

മജ്നൂന്‍

എനിക്കിനി
ഒരു മജീദാവാന്‍ കഴിയില്ല,
ഈ ഇടമഴക്കാലത്ത്.
കാറ്റ് തല്ലിക്കൊഴിക്കുന്ന
കണ്ണിമാങ്ങകള്‍ പെറുക്കിത്തന്ന്
നിന്നോടൊപ്പം
ഒളിച്ചുകളിക്കാന്‍..

ഒരു പക്ഷേ,
ഒരു പരീകുട്ടിയാവാനും
കഴിഞ്ഞെന്നു വരില്ലെനിക്ക്,
ഈ സന്ധ്യാനേരത്ത്.
തിരമാല താരാട്ട് പാടിത്തരുന്ന
കടപ്പുറത്തെ നനവില്‍ കിടന്ന്
നിന്നോടൊപ്പം
നക്ഷത്രങ്ങളെണ്ണിക്കളിക്കാന്‍..

എന്നാലും
ഒരു മജ്നൂനാവാം ഞാന്‍.
സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
ഈ മരുപ്പറമ്പില്‍
വെയില്‍ കേറിപ്പിടിച്ച
നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
ഓടിനടന്ന്..
മണ്ണിന്‍റെ മാറില്‍
നിന്‍റെ കാല്‍പാദങ്ങള്‍ വരച്ചിട്ടുപോയ
സ്നേഹപ്പാടുകളെ ഇമവെട്ടാതെ
നോക്കിനിന്ന്..
പിന്നെ എത്ര ഒടിച്ചിട്ടാലും
പിന്നെയും തഴച്ച് വളരുന്ന
നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍
കവിത കുറിച്ച്..

Jul 9, 2011

ഓരോരൊ കാര്യങ്ങളേ...യ്..അയലത്തെ നബീസാത്ത
വെള്ളം കോരുമ്പോഴാണ്
ഉമ്മച്ചിയോട് സ്വകാര്യം പറഞ്ഞത്‌-
"ഓള്.., ആ മീന്‍കാരന്‍
ചെറീതൂന്‍റെ വല്യ പെണ്ണേ..യ്..
ത്താപ്പൊ ഓളെ പേര്, സുല്പത്തോ..?
ഓളെടീ, ആ തേങ്ങട്ണെ
അപ്പൂന്റൊപ്പം ചാടിപ്പോയോലോ..!"

"ഓളല്ലേലും ബെടക്കെട്ടോളാന്ന്
എല്ലാരും പാറേല്ണ്ട്.
പ്പൊ ഓള് അതും ചെയ്തല്ലേ..?!"
നിറകുടം ഒക്കത്തുറപ്പിക്കുമ്പോള്‍
ഉമ്മച്ചിയുടെ കമെന്‍റ്.

"ന്നാലും പ്പൊ ഓള്..." -
നീണ്ട ഒരു നെടുവീര്‍പ്പിനൊപ്പം
ഒരു തൊട്ടി വെള്ളവും കൂടി വലിച്ചുകേറ്റി
നബീസാത്ത പറഞ്ഞു നിര്‍ത്തി.
"...ബാല്ലാത്തോരു പെണ്ണ്.."

പെണ്ണൊരുത്തികളുടെ
കിണറുച്ചകോടിയറിയാതെ
ഞങ്ങളുടെ അടുപ്പത്തെ വറച്ചട്ടിയില്‍
പൊരിഞ്ഞ് മൊരിഞ്ഞ് പിന്നെ
കരിഞ്ഞ് മണക്കാന്‍ തുടങ്ങിയിട്ടുണ്ട്
ഇന്നു വെളുപ്പിന്
ചെറീതൂനോട് കടം പറഞ്ഞ്
ഉമ്മച്ചി വാങ്ങിയ അയലമീനുകള്‍..!!!

Jun 28, 2011

മിഅറാജിന്‍റെ കുളിര്‍ കാറ്റ്..അനുഗ്രഹങ്ങളുടെ ആകാശച്ചെരുവില്‍
പുണ്യ മിഅറാജിന്‍റെ
അമ്പിളിക്കല.

പള്ളി മിനാരങ്ങളുടെ  അധരവീചികളില്‍
അനശ്വര മന്ത്രങ്ങളുടെ
സംഗീത സുധ.

ഹൃദയമിടിപ്പിന്‍റെ രാഗതാളങ്ങളില്‍
കൈവിരല്‍ തുമ്പിലെ
തസ്ബീഹ് മാല.

മാനസത്തോപ്പിലെ കിനാവല്ലികളില്‍
പ്രവാചകപ്പൂവിന്‍റെ
സുഗന്ദ സ്മൃതി.

ചരിത്രചെപ്പിന്‍റെ കീറോലകളില്‍
ചായം മായാത്ത
മസ്ജിദുല്‍ അഖ്‌സ.

അജ്ഞാതങ്ങളുടെ പാതിരാകനവുകളില്‍
മഞ്ഞുപെയ്യുന്ന
സിദ്റത്തുല്‍ മുന്‍തഹാ.

ആത്മനിര്‍വൃതിയുടെ അനുഗ്രഹരാവില്‍
സ്വപ്നങ്ങളുറങ്ങാത്ത
ജന്നാത്തുന്നഈം.

അനാദിയുടെ സിംഹാസനത്തേരില്‍
സര്‍വേശ്വര നാഥന്‍റെ
ദിവ്യ പ്രഭ.


ഹൃദയത്തിന്‍റെ ഥാര്‍മരുഭൂവില്‍
അനുഗ്രഹ വര്‍ഷത്തിന്‍റെ
കുളിര്‍ക്കാറ്റ്.

Jun 22, 2011

പൊട്ടുചിന്തകള്‍


ഇറയത്ത് മഴ പെയ്തിട്ടും 
അകത്തു വെയിലാണ്,
ഈ അന്തിപ്പാതിരക്കും..!!

എനിക്കറിയാം,
ചേമ്പിലക്ക് കുളിരില്ലെന്ന്,
ഒരു കാലവര്‍ഷം മുഴുവന്‍
തോരാതെ പെയ്താലും..!?

അല്ലെങ്കിലും,
മാനം കറുക്കുമ്പോഴാണല്ലോ
അമ്പിളിക്ക് ചിരി വരുന്നത്..?

കടല്‍ കരഞ്ഞിട്ടെന്ത്,
കേള്‍ക്കാന്‍ 
തീരത്തിന് ചെവിയില്ലല്ലോ..?!

സങ്കടമില്ല,
നിലാവുദിക്കാത്ത 
ചില കറുത്ത വാവുകളിലും
വെളുത്ത കോളാമ്പിപ്പൂക്കള്‍ 
വിരിയാറുണ്ടത്രെ..!!

Jun 13, 2011

പ്ലീസ്‌..ഞാനൊന്ന് പെയ്യട്ടെ..!!

കുട ചൂടിയിട്ടും
മഴ കൊള്ളുന്നത് കാണുമ്പോള്‍
സങ്കടം തോന്നാറുണ്ടെനിക്ക്,
നിന്നോട്..

പെയ്തൊഴിയുന്ന ഓര്‍മ്മകള്‍
നീരാവിയായി ഉയരുന്നു..
വീണ്ടും, മനസ്സിലെ മാനത്ത്‌
ഇരുണ്ട മേഘങ്ങളായി
പരിണമിക്കുന്നു..

നീ കുട നിവര്‍ത്തിയത്
മഴ കൊള്ളാതിരിക്കാനാണ്,
എന്നിട്ടും,
എന്‍റെ മഴയിലെങ്ങനെയാണ്
നീ നനയുന്നത്..?!

ഓര്‍മകളില്‍ കടലിരമ്പുമ്പോള്‍
മനസ്സിലെ മേഘങ്ങള്‍ക്കെങ്ങനെ
കൂട്ടിയുരസാതിരിക്കാനാവും..?
കണ്ണുകള്‍ക്ക്
മഴ പെയ്യാതിരിക്കാനും.?

ഇടക്കെപ്പോഴെങ്കിലും
എന്‍റെ ചുണ്ടില്‍ വിരിയാറുള്ള മഴവില്ലിന്
ഏഴു നിറങ്ങളുണ്ടാകണമെന്നില്ല.
കാരണം, നിന്നോടുള്ള പരാതിയല്ല,
എനിക്കെന്നോട് തന്നെയുള്ള
പരിഭവമാണ്..

എന്നോട് ക്ഷമിക്കൂ..
ഈ കാല വര്‍ഷം കഴിയാതെ
ഒരിക്കലുമെന്‍റെ കണ്ണുകള്‍
 പെയ്തുതോരില്ല..
നിന്‍റെ കുട ഉണങ്ങില്ല..!

ഇനിയെങ്കിലും,
കുട മടക്കിവെച്ച് നീ
ഇറയത്ത് കയറി നില്‍ക്കണം.
ഞാനൊന്ന് പെയ്യട്ടെ,
കണ്ണിലെ കടല്‍ വറ്റുവോളം...!!

Twitter Delicious Facebook Digg Stumbleupon Favorites More