കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Mar 26, 2011

ഉരല്‍
ഉറക്കെ 
നിലവിളിക്കണമെന്നുണ്ട്,
ഓരോ ഇടിക്കും..
ഒരിക്കലെങ്കിലും,
ഉലക്കയെ തിരിച്ചടിക്കണമെന്നും..

അല്ലെങ്കിലും,
ജീവിതം അതാണല്ലോ...?

കൈയ്യൂക്കുള്ളവന്‍ 
കാര്യക്കാരന്‍..!!?

Mar 23, 2011

അടുപ്പ്‌
വേവുന്ന അരിക്ക്
കത്തുന്ന വിറകിനോളം
വേദനിക്കണമെന്നില്ല..!

കലത്തിലെ
തിളയ്ക്കുന്ന കഞ്ഞിവെള്ളത്തിന്
അടുപ്പിലെ
തിളങ്ങുന്ന കനലിനോളവും..!!

അല്ലെങ്കിലും,
മൂന്ന് മൊട്ടക്കല്ലുകള്‍ക്കിടയില്‍
അടുപ്പിനെ തിരുകിവെച്ചത്
അതിനുവേണ്ടിയല്ലെ..,
വെറുതെയങ്ങനെ കത്തിത്തീരാന്‍..?

അല്ല, ഒരിക്കലും തീരാതെ
കത്തിക്കൊണ്ടിരിക്കാന്‍..!?

Mar 21, 2011

മെഴുകുതിരികരയരുതെന്നു പറഞ്ഞപ്പോള്‍
കരയാതിരുന്നാല്‍
ജീവിതം പാഴാകുമെന്നു നീ..

ചിരിക്കണമെന്നു പറഞ്ഞപ്പോള്‍
ചിരിച്ചുകൊണ്ടിരുന്നാല്‍
ജീവിതം എരിഞ്ഞുതീരുമെന്ന് നീ..

എന്നിട്ടും,
എനിക്ക് ജീവിക്കാനായി
നീ ജീവിച്ചു..
എനിക്ക് കരയാനായി നീ ചിരിക്കുകയും
എനിക്ക് ചിരിക്കാനായി നീ കരയുകയും
ചെയ്തു..

ഒടുവിലൊരിക്കല്‍,
കരച്ചിലടക്കി ചിരിയണച്ച്
നീ ജീവിതമാവസാനിപ്പിച്ചു.
ജീവിതത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍
കറുത്തുറഞ്ഞ നിന്‍റെ തിരുശേഷിപ്പിനു മുമ്പില്‍
എന്നെ മാത്രം തനിച്ചാക്കി..

Mar 20, 2011

തേങ്ങാമുറി
അകത്തെ
വെളുവെളുത്ത നിഷ്കളങ്കതയാണ്
പുറത്തെ
പരുപരുത്ത മേലാപ്പുണ്ടായിട്ടും
നിന്നെ എന്നിലേക്കാകര്‍ഷിച്ചത്..!!?

Mar 19, 2011

ഉപ്പ് 
അടുക്കളയിലെ
അലമാരത്തട്ടില്‍
അഹിംസയുടെ രുചി വിളമ്പാന്‍
കാത്തിരിക്കുന്നുണ്ടാവും
ഉപ്പ്.

ആവി പറക്കുന്ന
കഞ്ഞിക്കലത്തിലും,
വറവ് മണക്കുന്ന കരിമീന്‍ചട്ടിയിലും
മുഷ്ടിയെറിഞ്ഞ് കീഴടങ്ങും
ചിലപ്പോള്‍.

'ഉപ്പ് തിന്നവന്‍
വെള്ളം കുടിക്കുമെ'ന്ന്
പണ്ട് ലക്ഷ്മിണിട്ടീച്ഛര്‍ പറഞ്ഞത്‌,
അറംപറ്റാറുണ്ട് പലപ്പോഴും,
ചില  'ഉപ്പി'ല്ലാത്ത
ദിവസങ്ങളില്‍..!

തീന്‍മേശയുടെ
നിസ്സംഗതക്കൊപ്പമിരിക്കുമ്പോള്‍‍
മുട്ടക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്
ഒരിക്കല്‍ ഉമ്മക്ക് നേരെ
ദണ്ടിയാത്ര നടത്തിയത്
ഉപ്പ.

ഓര്‍മയിലില്ല,
പിന്നെയൊരിക്കലും,
അടുക്കളയില്‍ ഉപ്പ് സത്യാഗ്രഹം
നടന്നതായിട്ട്...!

Mar 16, 2011

ചേമ്പില

കണ്ണിലെ കടല്‍ വറ്റുവോളം
സ്നേഹം പെയ്തിട്ടും 
അകത്ത് കരുതി വച്ചില്ലല്ലോ നീ, 
എന്‍റെ
ഒരു തുള്ളി പോലും.. ?! 

Mar 15, 2011

പേന്‍

 പരിഭവമില്ലെനിക്ക്,
മുടിഴിയകളെ കെട്ടിപ്പുണര്‍ന്നു
എന്‍റെ ചുവന്ന ചോര 
നീ ഊറ്റിക്കുടിച്ചത്‌..!


ഇടതൂര്‍ന്ന മുടിപ്പഴുതുകളില്‍
നിന്‍റെ തലമുറയെ
നീ പെറ്റുകൂട്ടിയതും..!!

എന്നാലും
ഇതു വേണ്ടായിരുന്നു..

ആറ്റുനോറ്റൊരിക്കല്‍
നിന്‍റെ മിനുത്ത മേനി
പരതിപ്പിടിച്ചപ്പോള്‍
എന്‍റെ കൈ വിരലുകളെ കഭളിപ്പിച്ചു
നീ ഒളിച്ചോടിയത്‌..!!?

Mar 12, 2011

ഭിന്നസംഖ്യ
കൂട്ടിക്കുറച്ച് നോക്കിയതാണ്
പലവട്ടം.
ഉത്തരമില്ലതായപ്പോള്‍
ഗുണിച്ചും ഹരിച്ചും
പലകുറി..

ഒടുവില്‍,
തെളിച്ചമില്ലതായ ഈ സ്ലേറ്റില്‍
കുത്തി വരഞ്ഞിട്ടാവണം
എന്‍റെ പെന്‍സില്‍പൊട്ട്
തേഞ്ഞു തീരാറാഴപ്പോയാനരിഞ്ഞത്,
ഒരു നേര്‍വര പകുത്തെടുത്ത
രണ്ടു മനസ്സുകളാണ്
നീയെന്ന്..!!?

ഒരപേക്ഷയുണ്ട്..
ജയിപ്പിചില്ലെങ്കിലും
തോല്പിച്ചിരുത്തരുത്,
ഇനിയും ഈ ഒന്നാംക്ലാസ്സിലെ
കാലൊടിഞ്ഞ മൂലബെഞ്ചില്‍..!!

Mar 7, 2011

വല്ലതും തരണേ..
ആരുമില്ലാരുമില്ലെനിക്കേ,
വല്ലതും തരണേ കനിവുള്ള ചേട്ടാ..
മാമക സമക്ഷം  കിലുങ്ങിവിറക്കുന്നൊരു
തുരുമ്പ് കിണ്ണത്തില്‍ നോക്കി ഞാന്‍ നില്‍ക്കവേ
കണ്ട് ഞാനാ കുരുന്നിന്‍റെയാനനം,
അശ്രു തുളുമ്പുന്ന മാദക ലോചനം..

കൂകിപ്പറക്കുന്ന തീവണ്ടി യാത്രികര്‍
മിക്കരും ഉച്ചമയക്കത്തിലാണുമേ..
യാചന ചാലിച്ചൊരു നാദം കേട്ടതില്‍
ഞെട്ടിയുണര്‍ന്നു ഞാന്‍ കണ്ണുതിരുമ്മവേ,
പൊട്ടിത്തെറിച്ചെന്‍ ഹൃദയഭിത്തികള്‍..
ആ കൊച്ചു കിടാവിനെ കണ്ട മാത്രയില്‍..

കീരിപ്പറിഞ്ഞയാ നിക്കറിലാകെയായി
പറ്റിപ്പിടിച്ചുള്ള കല്മഷ ബിന്ദുക്കള്‍..
ഒട്ടിപ്പിടിച്ചുള്ളരച്ചാണുദരത്തില്‍
ഇഴഞ്ഞിഴഞ്ഞലയുന്ന കുഞ്ഞിവിരലുകള്‍..
പാറിപ്പറന്ന ചെമന്ന തലമുടി
പറ്റിപ്പിടിപ്പിക്കാന്‍ തുനിയുന്നനിലനും.
ആര്‍ദ്രത തുളുമ്പുന്ന കുഞ്ഞിമിഴികളില്‍
ഒഴുക്ക് നിലച്ച കണ്ണീരിന്‍ ശേഷിപ്പ്..!
പൊട്ടിചിരിക്കെണ്ടയാ പഞ്ചാരച്ചുണ്ടത്ത്
വറ്റി വരണ്ടയീര്‍പ്പത്തിന്‍ പാടുകള്‍..

കണ്ണെടുക്കാതെ ഞാന്‍ നോക്കി നില്‍ക്കവേ
കണ്ണിലിഴന്നൂ നേത്രാമ്പു ബിന്ദുക്കള്‍.
പോട്ടിപ്പോളിഞ്ഞയാ തുരുമ്പുകിണ്ണത്തില്‍
നാനയത്തുട്ടോന്നിട്ടു ഞാന്‍ തിരിഞ്ഞതും
നടന്നകലുന്നതാ കൊച്ചു പാദങ്ങള്‍
വല്ലാതും തരണേ എന്നാ നിംനാദമായി..

മഴ

ഇന്നലെ,
മഴ പെയ്തിരുന്നു. വരണ്ട-
യെന്‍ മാനസ ചത്വരത്തില്‍ ‍പ്രണയ ശീകരങ്ങളുതിര്‍ത്ത്
അവള്‍ തിരിച്ച് പോയി.
അവളുടെ സ്നേഹാര്‍ദ്ര തഴുകലില്‍
കൊഴിഞ്ഞു വീണ സൂനത്തെ നോക്കി
ഞാന്‍ വിലപിക്കവേ, ദൂരെ-
നിന്ന് അവളെന്നോട് മന്ത്രിച്ചു.
മാപ്പ്..


ഇന്ന്,
മഴ പെയ്തതേയില്ല.
കുതിര്‍ന്നയെന്‍ സ്മൃതിവയലുകളില്‍
കറുത്ത സൂര്യനുദിച്ചിട്ടുണ്ട്.
മാനത്തെ ചെരിവില്‍ നിന്ന്
അവളുടെ വെള്ളി മുകിലുകള്‍
എന്നെ നോക്കികണ്ണിറുക്കി.
ഇന്നലെയവളറുത്തിട്ട പുഷ്പം
കുതിര്‍ന്ന മണ്ണില്‍ കിടന്ന്
എന്നോട് തേങ്ങി.
ഞാനെന്തു തെറ്റ് ചെയ്തു..?


നാളെ,
 മഴ പെയ്യാതിരിക്കില്ല.
എന്‍ പുലര്‍ക്കിനാക്കളില്‍
പ്രണയ പീലികള്‍ വിടര്‍ത്തി
അവള്‍ വന്നിരുന്നു.
ഇന്നലെത്തെ മണ്ണ് പുരണ്ട പ്രസൂനം കൊണ്ട്
അവളെന്‍റെ കുഴിമാടത്തിനു
പുഷ്പാര്‍ച്ചന നടത്തിയിരുന്നു..
എങ്കിലും,
ഇനി ഞാന്‍ കാത്തിരിക്കുന്നില്ല,
അവളുടെ
പ്രണയ നീര്‍തുള്ളികള്‍ക്കായി..

മനസ്സ്‌ പറഞ്ഞത്...

പേടിയാണിന്നെനിക്ക്‌,
പേമാരി പെയ്യുന്ന കര്‍ക്കിടക-
രാവിനെ, കൂരിരുള്‍
മുറ്റിയ   കാര്‍വര്‍ണ്ണ വിണ്ണിനെ..
മുത്തശ്ശി ചൊല്ലുന്ന രാക്കഥചെപ്പിനെ.,
പിന്നെ, മിനി സ്ക്രീനിലെ
വേതാള ഭൂതത്തെ..

പേടിയാണിന്നെനിക്ക്,
പേക്കിനാക്കളിലെ മീസാന്‍
കല്ലുകളെ.., രാവിന്‍റെ ഭീതിയില്‍
രാഗമോതുന്ന കീടങ്ങളെ..
പിന്നെ, പുലര്‍ച്ചക്കലരുന്ന പീറ-
ക്കോഴികളെ..

പേടിയാണിന്നെനിക്ക്‌,
പേരാലില്‍ തൂങ്ങുന്ന കറുമ്പന്‍
വവ്വാലുകളെ..
ഘടികാരക്കൂട്ടിലെ പാതിരാ-
സൂചിയെ.. പിന്നെ, അന്തിച്ചെവിയിലലക്കുന്ന
മരണവാര്‍ത്തകളെ..

 പേടിയാണിന്നെനിക്ക്,
 പേരറിയാത്ത നിന്‍ സ്നേഹ
വായ്പുകളെ..
പ്രേതങ്ങലലയുന്ന ചുടല -
ക്കാവുകളെ, പിന്നെയെന്‍
ജീവനെ, മരിക്കാത്ത
യെന്നാത്മാവിനെ..

ഒരു പൊട്ടക്കവിത
മച്ചിന്‍ പുറത്തെ
ഓട്ടു പാത്രത്തിനടിയില്‍
ചിതലരിച്ച ഒരു പൊട്ടക്കവിത
ഒളിച്ചിരിക്കാറുണ്ട്..

മഴ നനഞ്ഞ
ചേമ്പിന്‍ തണ്ടില്‍
പുതച്ചുറങ്ങുന്ന പുല്‍ചാടിയോട്
ആര്‍ക്കും  പരിഭവമില്ല.

മാമ്പഴക്കുന്നിലെ
ഇല കൊഴിഞ്ഞ മാവിന്‍ കൊമ്പിലും
മഞ്ഞക്കുരുവികള്‍
കൂട് കൂട്ടാറുണ്ടത്രേ..!

മാനം കരഞ്ഞത്‌
ആര്‍ക്കോ വേണ്ടിയാണ്..
ആര്‍ക്കോ വേണ്ടി അത് ചിരിക്കാറുമുണ്ട്..

മന്ദാരമിനിയുംമുണര്‍ന്നിട്ടില്ല.
മലര്‍ മൊട്ടുകള്‍
തേടി വന്ന വണ്ട്‌
പാട്ടു നിര്‍ത്തി തിരിച്ചു പോയി..

മരണം വരാതിരിക്കില്ല,
കവിത പിറക്കാതിരിക്കുകയുമില്ല.
മരണമൊരു കവിതക്കും
മാപ്പ് നല്‍കിയിട്ടുമില്ല..

Mar 6, 2011

ഫ്ലാഷ് ബാക്ക്
സീന്‍ - ഒന്ന്

അങ്ങനെ
കലിമൂത്ത ഖബീല്‍ തന്‍-
സഹജനാം ഹാബീലിന്‍റെ കാലനായി..
ഒരു പഴയ കുടുംബ പുരാണത്തിലെ
അവസാന വരി.
ഒപ്പം ഒരു പുതിയ തലമുറയുടെ
ആദ്യത്തേതും.

സീന്‍ - രണ്ട്

" നോഹെ, നിനക്കെന്താ
ഭ്രാന്തോ..?"- ജൂതീ ശിഖിരത്തിലൊരു
 പാല്‍ പുഞ്ചിരി..
അവിടെ തണല്‍ മേഘങ്ങള്‍ക്ക് താഴെ
ശാന്തനായി ഒരാശാരി..
ചുറ്റും കൂര്‍ത്ത കല്‍ചീളുകളുമായി
കുറെ തെരുവ് പിള്ളേരും..

സീന്‍ - മൂന്ന്

കുമിഞ്ഞ് കത്തുന്ന
തീ കുണ്ടാരം. അകലെ,
തെറ്റുവില്ലില്‍ കുരുക്കപ്പെട്ട
വരേണ്യ ദേഹം. അരികെ-
സാത്താന്‍റെ സാരോപദേശങ്ങള്‍ക്ക്
കാത്തു കൂര്‍പ്പിച്ച്
ഒരു പാട് കിരാതരും..

സീന്‍ - നാല്

പാറ പ്രസവിച്ച കരഭക്കുരുന്ന്
പ്രാണനും കൊണ്ടോടി.
പിറകെ, വടിവാളമേന്തി
ഒരുപറ്റം കഷ്മലര്‍..
നിണം ചുരത്തി ചിന്നംവിളിക്കുന്ന
മഹാധ്വഗം. ദൂരെ-
തിരിഞ്ഞു നടക്കുന്ന കിരാതരും..

സീന്‍ - അഞ്ച്

അംബര ഹൃദയത്തില്‍
അഗ്നി വിതറുന്ന ചാണ്ടബാനു.
താഴെ, ദൈവ സവിതത്തില്‍
നമ്ര ശിരസ്കനായി ദേവദൂതന്‍.
അരികെ,
നാറുന്ന കുടല്‍മാല താങ്ങി
മിഴിനീര്‍ തുടയ്ക്കുന്ന പുത്രി.
പിന്നെ, എല്ലാം കണ്ടു വിതുമ്പുന്ന
സര്‍വം സഹയായ ഭൂമിമാതാവും.


Mar 5, 2011

വന്നില്ല നീ.. ഇനിയും വന്നിട്ടില്ല നീ..വന്നില്ല നീ.. ഇനിയും വന്നിട്ടില്ല നീ..
കരഞ്ഞു കരഞ്ഞെന്‍ കണ്ണു കലങ്ങിയിട്ടും
തേങ്ങിത്തേങ്ങിയെന്‍ ഹൃദയം മരിച്ചിട്ടും
വന്നില്ല നീ യിനിയും വന്നിട്ടില്ല നീ..

കന്താരമോക്കെയും ഉറങ്ങിയുണര്‍ന്നിട്ടും
കാലങ്ങളെത്രയോ മരിച്ചു ജനിച്ചിട്ടും
ശ്യാമാമെന്‍ സ്വപ്‌നങ്ങള്‍ വട്ടിവരണ്ടിട്ടും
വന്നില്ല നീ യിനിയും വന്നിട്ടില്ല നീ..

മാനങ്ങളൊക്കെയും ശോകങ്ങള്‍ പെയ്തിട്ടും
രാവുകളെത്രെയോ രാഗങ്ങള്‍ പാടീട്ടും
മാമരമൊക്കെയും ഇലകള്‍ പൊഴിച്ചിട്ടും
വന്നില്ല നീ യിനിയും വന്നിട്ടില്ല നീ..

സാഗരമൊരുപാടലറിക്കരഞ്ഞിട്ടും
സംസാരമോക്കെയും കണ്ണീരോഴുക്കീട്ടും
ശോകമെന്‍ രാഗങ്ങള്‍ പാടിത്തളര്‍ന്നിട്ടും
വന്നില്ല നീ യിനിയും വന്നിട്ടില്ല നീ..

വരിക ഹൃദയനാഥ ഒരിക്കലെങ്കിലും നീ..
വരണ്ടയീ മാനസം കണ്ടുമടങ്ങു നീ..
സ്മരിചീടുകീ ചിത്തം വല്ലപ്പോഴെങ്കിലും
സ്മൃതിയില്‍ ശേഷിപ്പുവെങ്കില്‍ മമസ്നേഹാമൃതം..
Twitter Delicious Facebook Digg Stumbleupon Favorites More