കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Apr 16, 2011

ഉപ്പിലിട്ടത്
അലിഞ്ഞു ചേരുമെന്ന്
കരുതി,
പെട്ടെന്നാവില്ലെങ്കിലും
ജീവിതത്തിലെന്നെങ്കിലുമൊരിക്കല്‍..!

ഇല്ല, എനിക്കതിനായില്ല..
ഊറിത്തെളിഞ്ഞ
നിന്‍ ഹൃദയഭരണിയില്‍
ഇത്രയും കാലം
ഞാന്‍ കിടന്നുരുണ്ടിട്ടും..!!

നീ പറഞ്ഞതാണ് ശരി,
"ഉപ്പിനൊക്കില്ലല്ലോ
ഉപ്പിലിട്ടത്..!!? "

Apr 13, 2011

ചൂല്‍ 
വടക്കിനിയിലെ
പത്തായ മൂലയില്‍
പുലരി വെളുക്കും മുമ്പേ
ഉറക്കമിളച്ചു കാത്തിരിക്കുന്നുണ്ടാവും,
ഉമ്മയെ..

അടുപ്പുതിണ്ണയിലെ
വെണ്ണീര്‍ തിന്ന്
സവാരി തുടങ്ങണം,
എന്നും..

വടക്കേ മുറ്റത്തെ
വിറകുപുരയും കഴിഞ്ഞ്
കിണറ്റിന്‍ കരയിലെത്തുമ്പോഴെക്ക്
കഴിഞ്ഞ രാത്രിയില്‍
കാറ്റുപെറ്റതെല്ലാം
തുടച്ചെടുക്കണം.

അടുക്കള മച്ചിലിരുന്ന്
കണ്ണുരുട്ടിയ പൂച്ചക്ക് വേണ്ടി
ചുഴറ്റിയെറിഞ്ഞിട്ടുണ്ടൊരിക്കല്‍
ഉപ്പ.

ഓടിയൊളിച്ച
എട്ടുകാലികള്‍ക്ക് വേണ്ടി
വെറുതെ തല്ലുകൊണ്ടിട്ടുണ്ട്
പലവട്ടം.

എന്നിട്ടും,
ചടഞ്ഞിരിക്കുമ്പോള്‍
"ചൂലേ" യെന്ന  തെറിവിളി
സഹിക്കാനാവില്ല,
ഒരിക്കലും..

Apr 11, 2011

ചെരുപ്പ്‌അളന്നെടുക്കണം
വഴിയുടെ
ഓരോ വളവുകളെയും..

തേഞ്ഞുതേഞ്ഞ്
വയസ്സ് മൂക്കുമ്പോള്‍
വാറുകള്‍ നരക്കും,
വിരലുകള്‍ക്ക് താഴെ
വെള്ള മാഞ്ഞു നീല തെളിയും..

അന്ന്,
പൊട്ടിയ വാറുകളും തൂക്കി
വീണ്ടും വഴിയിലേക്കിറങ്ങണം,
അളന്ന മണ്ണിനെ
പുണര്‍ന്നുറങ്ങാന്‍...

Apr 7, 2011

എന്‍റെ കവിത..

പഴുത്ത മാങ്ങയിലെ
പുഴുക്കുത്ത് പോലെയാണ്
കവിത.
ചിലപ്പോള്‍ പുറത്തേക്ക്
തല നീട്ടി..
അകത്തേക്ക് തല വലിച്ച്‌..

മഞ്ഞ്‌ കൊണ്ടാലും
മഴ ചാറലേറ്റാലും
പനി പിടിക്കാറേയില്ല
ചില കവിതയ്ക്ക്..

അടുപ്പിലെ കനലിനെക്കാള്‍
ചൂടുണ്ടാവാറുണ്ട്,
ചിലപ്പോള്‍
കലത്തിലെ തിളയ്ക്കുന്ന
കവിതയ്ക്ക്..

കൊടുങ്കാറ്റടിച്ചലും
കൊഴിഞ്ഞുവീഴില്ല
ചില കവിത..
ചിലരുടെ  കണ്‍മേഘങ്ങള്‍ 
കൂട്ടിയുരസി
കണ്ണീര്‍ മഴപെയ്യാതെ..

സത്യം പറഞ്ഞാല്‍
കണ്ണില്‍ കാര്‍മേഘമുണ്ടായിട്ടും 
ചുണ്ടില്‍ നീ വരച്ചു വെച്ച
മഴ വില്ലയിരുന്നു
ഇന്നേവരെ  എന്‍റെ കവിത..!?

Apr 3, 2011

വാക്കുകള്‍
അക്ഷരങ്ങള്‍
അടുക്കി വെക്കുമ്പോള്‍
രൂപപ്പെടുന്നതല്ല
വാക്ക്..
അര്‍ത്ഥങ്ങള്‍
അനര്‍ത്ഥങ്ങളാകാതിരിക്കുമ്പോള്‍
കൂട്ടി വായിക്കപ്പെടുന്നതാണ്..

അക്ഷരങ്ങളുടെ ശുദ്ധിയാണ്‌
വാക്കിന്‍റെ ശുദ്ധി..
അക്ഷരങ്ങളുടെ ശക്തിയാണ്
വാക്കിന്‍റെ ശക്തി..

ഒരൊറ്റ അക്ഷരം കൊണ്ട്‌
മഹത്തായൊരു വാക്ക്  
നിര്‍മിക്കാം..

'നീ' യൊരു
വക്കായത് കൊണ്ടാകാം
'ഞാനു'മൊരു
വാക്കായിത്തീരാന്‍
ദൈവം തീരുമാനിച്ചത്..?

വാക്കുകളില്ലായിരുന്നുവെങ്കില്‍
എന്നോ ഈ അക്ഷരങ്ങള്‍
കൂട്ടാത്മഹത്യ ചെയ്യുമായിരുന്നത്രേ..?!

വാക്ക്
വാക്കത്തി പോലെയാണ്,
അണച്ചെടുക്കുന്നതിനനുസരിച്ചു
മൂര്‍ച്ച കൂടുന്നത്..!!

അല്ലെങ്കിലും, 
രണ്ടക്ഷരങ്ങളുള്ള 'ഞാന്‍'
ഒറ്റക്ഷരമായ 'നീ'യില്‍
എങ്ങനെ ഉള്‍കൊള്ളാനാണ്...!!?
Twitter Delicious Facebook Digg Stumbleupon Favorites More