Jun 3, 2011

അണഞ്ഞുപോയ പൊന്‍വിളക്കിന്..

(2008 ജൂണ്‍ മൂന്നിന്  ഈ ലോകത്തോട് വിട പറഞ്ഞ പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ ദീപ്ത സ്മരണകള്‍ക്ക് മുമ്പില്‍ വിനയപൂര്‍വ്വം..)

പാതിരാത്രിക്ക് പാല്‍നിലാവായത്,
പഥികന് പാഥേയമായത്,
പായക്കപ്പലിന് പറവകളായത്
അങ്ങ് ഞങ്ങള്‍ക്കുമായി...

തിരയടങ്ങാത്ത വികാരക്കടലില്‍ 
അങ്ങ് വിവേകത്തിന്‍റെ തോണിയിറക്കി,
സഹനത്തിന്‍റെ നങ്കൂരം കെട്ടിയത്..
കാറ്റ് നിലക്കാത്ത കാര്‍വര്‍ണ്ണമാനത്ത്
അങ്ങ് കാരുണ്യത്തിന്‍റെ പട്ടം പറത്തി,
സ്നേഹത്തിന്‍റെ നൂലില്‍ കോര്‍ത്തത്..
ഇരുള്‍ തിങ്ങിയ ജീവിതവീഥിയില്‍
അങ്ങ് ജ്വലിക്കുന്ന ചൂട്ട് കെട്ടിത്തന്നു,
വിജയത്തിന്‍റെ വെളിച്ചം കൊളുത്തിയത്..

കദനത്തിന്‍റെ കക്കകളടിഞ്ഞ
ഹൃദയ തീരങ്ങള്‍ക്ക്
അങ്ങ് തിരമാലയായി..
കാലുഷ്യത്തിന്‍റെ വെയിലില്‍ വാടിയ
മാനസപ്പൂക്കള്‍ക്ക് 
അങ്ങ് കുളിര്‍തെന്നലായി..
കനല്‍വര്‍ഷങ്ങളില്‍ വരണ്ടുപോയ
മനോമണ്ണുകള്‍ക്ക് 
അങ്ങ് ചാറ്റല്‍ മഴയായി..

ഒടുവില്‍,
സ്വര്‍ഗത്തിന്‍റെ സുമോഹനതയിലേക്ക്
അങ്ങ് മുമ്പേ നടന്നു..
ഒരു കണ്ണീര്‍കടല്‍ ബാക്കിയാക്കി..
പിന്നെ,
ഒരു ജനതയുടെ പ്രതീക്ഷകളും
മിടിപ്പു നിലച്ച
ആയിരമായിരം ഹൃദയങ്ങളുടെ
ഉരുള്‍പൊട്ടലുകളും തനിച്ചാക്കി..

മഹാത്മാവേ..
ഇന്നുമെന്നും ഒരു കൊടുങ്കാറ്റിലും 
അണയാതെ ഞങ്ങള്‍ കാത്തിടുന്നു..
ഹൃദയത്തിന്‍റെ ഓരത്ത് അങ്ങ് കത്തിച്ചുവെച്ച
സ്നേഹ സാന്ത്വനത്തിന്‍റെ
മെഴുകുതിരി നാളങ്ങള്‍..

ദീപ്തമാര്‍ദ്രമാം 
താവക സ്മൃതികള്‍ സമക്ഷം
നമ്രശിരസ്കരായി കൈ കൂപ്പി നിന്നിടുന്നു..
കണ്ണുനീര്‍ നൂലില്‍ കോര്‍ത്തെടുത്ത
തീരാകദനത്തിന്‍റെ 
ഒരായിരം പുഷ്പചക്രങ്ങളര്‍പ്പിച്ചിടുന്നു..

നമ:ശ്ശതം....പരശ്ശതം..

12 comments:

 1. ഓർമ്മകൾക്കു മുന്നിൽ കൂപ്പുകൈ

  ReplyDelete
 2. ആ സ്നേഹതേജസ്സിന്നു ഓർമ്മദിനത്തിൽ പ്രണാമം!

  ReplyDelete
 3. വരികള്‍ക്ക് നല്ല ചന്തമുണ്ട് ഇതു ഒരു ഓര്‍മായാകും
  ഇ മഹാ വെളിച്ചം ഇനിയും പരകട്ടെ

  ReplyDelete
 4. നന്മകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.

  ReplyDelete
 5. ആ മഹാത്മാവിനെ വിനയപൂര്‍വ്വം ഓര്‍ത്തീടുന്നു...........

  ReplyDelete
 6. ഓര്‍ക്കുന്നു ഞങ്ങള്‍,
  നിറമിഴികളോടെ..

  ReplyDelete
 7. ഒളിമങ്ങാത്ത ഓര്‍മകള്‍ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ

  ReplyDelete
 8. nanama niranja jeevithangalkku maranamilla....

  ReplyDelete
 9. നന്‍മയുടെ നിറദീപങ്ങള്‍ ഒരിക്കലും അണയാറില്ല..
  കാലത്തിന്‍റെ കോവിലകത്ത് അവ എന്നും തെളിഞ്ഞു
  കത്തിക്കൊണ്ടെയിരിക്കും..ലകഷ്യമറിയാതെ അലയുന്ന വഴിപോക്കര്‍ക്ക്
  ഒരു വഴിവെളിച്ചമായി..

  ഈ വഴിവിളക്കിനു മുമ്പില്‍ കൈകൂപ്പി നിന്ന എന്‍റെ പ്രിയ
  കിങ്ങിണിക്കുട്ടിക്കും ബൈജുവെട്ടനും ഷാജുവിനും നമൂസ്കാക്കും ഉസ്മാനിക്കക്കും ബെന്ജലിക്കും മുബശിറിനും കുന്നെക്കാടനും ഇസ്ഹാക്കിക്കക്കും ജയരാജേട്ടനും പിന്നെ ആ സ്നേഹദീപങ്ങളെ സ്നേഹിച്ച എല്ലാ മനസ്സുകള്‍ക്കും എന്‍റെ നന്ദി..

  ഇനിയും വരുമെന്ന പ്രതീക്ഷയോടെ..

  ReplyDelete
 10. jeevithathinte randattangal koottimuttikkan pravasa lokath pedapadupedumpozhum sarga vasanakal nilakkathirikkan priya suhrthinu oryiram ashamsakal

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More