Jul 24, 2011

അസ്തമിക്കില്ലൊരിക്കലും ഈ പാതിരാസൂര്യന്‍...

( 2009 ഓഗസ്റ്റ്‌  ഒന്നിന്  നമ്മെ വിട്ടുപിരിഞ്ഞ പാണക്കാട്‌ 
സയ്യിദ്‌  മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ 
മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനാ പൂര്‍വം...മനസ്സിന്‍റെ മാനത്ത്‌
പൊരിവെയില്‍ കത്തിപ്പടരുന്നു..
ഓര്‍മകളുടെ കിതപ്പില്‍ 
കണ്ണുകള്‍ വിയര്‍ത്തൊലിക്കുന്നു..
അക്ഷരങ്ങളുടെ വിങ്ങലില്‍
വാക്കുകള്‍ അലിഞ്ഞ് തീരുന്നു..
സ്‌മൃതിയുടെ  ഓലക്കീറുകള്‍ക്കിടയിലൂടെ
വീണ്ടും ഉദിച്ചു പൊങ്ങുന്നു ,
അസ്തമിച്ചിട്ടും അണയാത്ത
എന്‍റെ പാതിരാസൂര്യന്‍...

കാലം കണ്ണ് തുടക്കുന്നു.
കാറ്റ് വീശാന്‍ മറക്കുന്നു.
കാര്‍മേഘങ്ങള്‍ തോരാന്‍ മടിക്കുന്നു.
ഓര്‍മകളുടെ ഓരങ്ങളില്‍ 
സങ്കടത്തിരമാല ആര്‍ത്തലച്ച് കരയുന്നു.
ചിരിക്കാതെ ചിരിക്കുന്ന പാല്‍ചന്ദ്രനെപ്പോല്‍
കണ്ണുകള്‍ നോക്കി പുഞ്ചിരിക്കുന്നു,
എന്‍റെ പാതിരാസൂര്യന്‍..

ഇരുള്‍ മുറ്റിയ പകലിലും 
കൂരിരുള്‍ തിങ്ങിയ രാവിലും
കാറ്റ് നിലക്കാത്ത മരുഭൂവിലും 
പെയ്തു തോരാത്ത മലയോരങ്ങളിലും
കെട്ടുപോകാത്ത മണ്‍ചെരാതുമായി
അണയാത്ത ഭദ്ര ദീപവുമായി
ഈ അന്ധനെ, ബാധിരനെ 
വഴി തെളിച്ച് നടത്തുന്നു,
എന്‍റെ പാതിരാസൂര്യന്‍..

കരകവിഞ്ഞ കണ്ണുകളെ 
തടം കെട്ടിയൊതുക്കിയതും
കടലിരമ്പുന്ന ഹൃദയങ്ങളെ
കാറ്റ് വീശിത്തണുപ്പിച്ചതും
ഇടിമുഴങ്ങുന്ന ചിന്തകളെ
ഈറന്‍ മഴയായി പെയ്യിച്ചതും
സങ്കടക്കടവുകളില്‍
കടത്തു തോണിയിറക്കിയതും
യുഗാന്തരങ്ങള്‍ക്ക് താരാട്ട് പാടിയ
കാലചക്രങ്ങളെ കൈപിടിച്ച് നടത്തിയ
എന്‍റെ പാതിരാസൂര്യന്‍..

പിളര്‍ന്ന സൗഹൃദങ്ങളെ
ചേര്‍ത്ത്‌ പടുത്തതും
ചിതറിയ സ്നേഹങ്ങളെ 
തുന്നിച്ചേര്‍ത്തതും
വാടിയ ബന്ധങ്ങളെ
നട്ടു പിടിപ്പിച്ചതും
ഹൃദയങ്ങള്‍ക്കകത്ത് 
ഹൃദയങ്ങള്‍ വെച്ചുപിടിപ്പിച്ച
എന്‍റെ പാതിരാ സൂര്യന്‍..

അസ്തമിക്കുമ്പോഴും 
ഉദിച്ച് കൊണ്ടിരിക്കുന്നു..
അണഞ്ഞു പോയിട്ടും 
തെളിഞ്ഞ് കൊണ്ടിരിക്കുന്നു..
നശ്വരതയിലും അനശ്വരനാവുന്നു.
ഹൃദയമുള്ള ഈ മണ്ണിലും വിണ്ണിലും
എന്‍റെ പാതിരാസൂര്യന്‍..

തേജ സ്വരൂപമേ നയിച്ചാലും,
സ്വര്‍ഗ്ഗ സുമോഹനതയിലേക്ക്..
ഈ അന്ധന്‍റെ കൈ പിടിച്ച്..

11 comments:

 1. കണ്ണുകളില്‍ കടലിരമ്പുന്നു
  ഈ മുഖം കാണുമ്പോള്‍..
  ഓര്‍മകളില്‍ കദനം പെയ്യുന്നു
  ഈ നാമം കേള്‍ക്കുമ്പോള്‍..
  മനസ്സകമില്‍ കൊതിയേറുന്നു
  ഈ കാലം തിരിച്ചുവന്നെങ്കില്‍..

  നാഥാ..ആ മഹോന്നതോനോടൊപ്പം
  സുമോഹന സ്വര്‍ഗത്തില്‍
  ഞങ്ങള്‍ക്കും ഒരിടം തരണേ..

  ReplyDelete
 2. "കരകവിഞ്ഞ കണ്ണുകളെ
  തടം കെട്ടിയൊതുക്കിയതും
  കടലിരമ്പുന്ന ഹൃദയങ്ങളെ
  കാറ്റ് വീശിത്തണുപ്പിച്ചതും
  ഇടിമുഴങ്ങുന്ന ചിന്തകളെ
  ഈറന്‍ മഴയായി പെയ്യിച്ചതും
  സങ്കടക്കടവുകളില്‍
  കടത്തു തോണിയിറക്കിയതും
  യുഗാന്തരങ്ങള്‍ക്ക് താരാട്ട് പാടിയ
  കാലചക്രങ്ങളെ കൈപിടിച്ച് നടത്തിയ
  എന്‍റെ പാതിരാസൂര്യന്‍.."

  നാഥാ..ആ മഹോന്നതോനോടൊപ്പം
  സുമോഹന സ്വര്‍ഗത്തില്‍
  ഞങ്ങള്‍ക്കും ഒരിടം തരണേ.... പ്രാർഥനയിൽ പങ്കു ചേരുന്നു....
  ""

  ReplyDelete
 3. "അസ്തമിക്കുമ്പോഴും
  ഉദിച്ച് കൊണ്ടിരിക്കുന്നു..
  അണഞ്ഞു പോയിട്ടും
  തെളിഞ്ഞ് കൊണ്ടിരിക്കുന്നു..
  നശ്വരതയിലും അനശ്വരനാവുന്നു.
  ഹൃദയമുള്ള ഈ മണ്ണിലും വിണ്ണിലും
  എന്‍റെ പാതിരാസൂര്യന്‍.."
  ആ ഓര്‍മകള്‍ക് മുമ്പില്‍ നമുക്ക് ശിരസ്സ്‌ നമിക്കാം..
  ഒരു ജനതയുടെ വികാരമായിരുന്നു..
  ഒരിക്കലും അണയാത്ത ഓര്‍മകളായി
  നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം ..

  എത്ര വായിച്ചിട്ടും മതി വരുന്നില്ല ..
  പര സേവനം ജീവിതമാക്കിയ ആ മഹാ മനീഷിയുടെ
  ഓര്‍മകള്‍ക് മുമ്പില്‍ നിന്റെ ഈ വരികള്‍ ഒരു
  കൊച്ചു പുഷ്പമായി ഞാന്‍ സമര്പിക്കുന്നു ..
  സഫീര്‍ അഭിനന്ദഞങ്ങള്‍ ...

  ReplyDelete
 4. ഒളിമങ്ങാത്ത ഓര്‍മ്മകളുമായി പരസഹസ്രം ജന മനസ്സുകളില്‍ പനനീര്‍ പൂവിന്‍ സുഗന്ധവുമായി നിറഞ്ഞു നില്‍കുന്ന ആ മഹാനുഭാവനെ ഒര്മിച്ചതിനു ഒരു ബിഗ്‌ സല്യൂട്ട് ...ഇനിയും വരാം ഈ വഴിയെ ..

  ReplyDelete
 5. ഹായ് സഫീര്‍.. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൃദയമുള്ള ഓരോ കേരളീയനും ``കാര്‍മേഘങ്ങള്‍ തോരാന്‍ മടിക്കുന്നു``ണ്ട് എന്ത് കൊണ്ടെന്നാല്‍ വേര്‍ പിരിഞ്ഞത് അവരുടെ മനസ്സിന്റെ സൂര്യനാണ്.

  ``ഇരുള്‍ മുറ്റിയ പകലിലും
  കൂരിരുള്‍ തിങ്ങിയ രാവിലും
  കാറ്റ് നിലക്കാത്ത മരുഭൂവിലും
  പെയ്തു തോരാത്ത മലയോരങ്ങളിലും
  കെട്ടുപോകാത്ത മണ്‍ചെരാതുമായി
  അണയാത്ത ഭദ്ര ദീപവുമായി
  ഈ അന്ധനെ, ബാധിരനെ
  വഴി തെളിച്ച് നടത്തുന്നു,
  എന്‍റെ പാതിരാസൂര്യന്‍..``

  ഇതൊരു സമൂഹ മനസ്സിന്റെ വായനയാണ്. ആ വേര്‍പാട് ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരു പിടി നെല്ല് വാരിയിട്ടാല്‍ അത് പൊരിഞ്ഞു പോകും.

  ഇഷ്ടമായി മുസാഫിറിന്റെ വഴി.ലളിത ഗംഭീരം. പാdheya സമ്പുഷ്ടം. ഇനിയുള്ള യാത്രയില്‍ ഈ പാതയും ഒരു ആശ്വാസം.

  ReplyDelete
 6. ഓര്‍മ്മകള്‍ മരിക്കുന്നേയില്ല ..

  ReplyDelete
 7. ദീപ സ്തംഭം

  ഇപ്പോള്,
  പൂമുഖത്ത് പ്രസാദമിരിക്കുന്നില്ല.
  എട്ടു കോണില് തടിയില് തീര്ത്ത
  നിലവിളികള് കൊണ്ട്
  വിരി വിരിച്ച മേശ.
  വിങ്ങലുകള്ക്ക്
  ചെന്നിരിക്കാന് പാകത്തില്
  അരുമയോടെ
  കടഞ്ഞെടുത്ത ചാരുപടി.
  സങ്കടങ്ങളുടെ
  പെരുമഴക്ക് കാതോര്ത്ത്
  പച്ചയിലക്കുട ചൂടി
  അലിവു മരങ്ങള്.
  പിറകില്,
  ബഹളമേതുമില്ലാതെ
  നെടുവീര്പ്പുടുത്തിപ്പോഴും
  ശാന്തയായി
  ഒഴുകുന്നുണ്ട്
  കടലുണ്ട്,
  ഒരു കടലുണ്ടിപ്പുഴ..!
  മടുപ്പാണ്
  കാത്തിരിപ്പൊക്കെയും
  എനിക്കും നിനക്കും.
  തിടുക്കമാണ് തിരികെപ്പോരാന്
  ആര്ക്കുമെവിടുന്നും.
  എന്നിട്ടും,
  ഈ വെണ്മുറ്റത്തു മാത്രമെന്തേയിങ്ങിനെ?

  നിലവിളി
  എനിക്ക് കേട്ടുകൂടാ;
  നിനക്കും.
  പൊരുതി കേടാണത്
  സ്വന്തം കുഞ്ഞിന്റെതാണെങ്കില് പോ ലും !
  എന്നിട്ടും ഇക്കാതുകള്
  മാത്രമെന്തേ യിങ്ങനെ?
  വാതിലുകളൊക്കെയും
  അടച്ചിടാറാണ് പതിവ്
  എന്നിട്ടും
  ഒരിക്കലു മടക്കാതെ
  ഈ വാതിലുകള് എന്തേയിങ്ങനെ?
  എന്ത് പേര് ചൊല്ലി വിളിക്കും
  ഈ ധന്യതയെ?
  അത് നിനക്കറിയാം
  എനിക്കും,
  പിന്നെ കാലത്തിനും..!
  --------------------------
  ശീര്ഷകത്തിനു എം.ടി.വാസുദേവന് നായരോട് കടപ്പാട്

  ReplyDelete
 8. @സമീര്‍ തിക്കോടി

  നന്ദി..ഈ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നതിന്..
  നാഥന്‍ സ്വീകരിക്കട്ടെ..  @സ്ടാഷ്‌ ജാഫര്‍

  മതിവരില്ല സുഹൃത്തേ..ആ ജീവിതം
  എത്ര വായിച്ചാലും മതി വരില്ല..
  നന്ദി..ഈ സങ്കടത്തില്‍ പന്കാളിയായത്തിനു..  @ഫൈസല്‍ ബാബു

  ഫൈസല്‍ കാ..
  അങ്ങ് തന്ന ഈ സല്യൂട്ട് ഹൃദയകോവിലിലെ ആ അണയാദീപത്തിന് സമക്ഷം ഞാനിതാ
  കാണിക്കയായി സമര്‍പ്പിക്കുന്നു.. അനുഗ്രഹിച്ചാലും...

  @മജീദ്‌
  ഒത്തിരി ബുദ്ധിമുട്ടിയാണെലും ഈ അക്ഷരങ്ങള്‍
  ഇവിടെ പാകിയിട്ടത്‌ എന്നറിയാം..സോറി..
  എന്നാലും മനസ്സിന്റെ നെരിപ്പോടില്‍ എരിഞ്ഞുകൊണ്ടിരുന്ന
  ആ സങ്കടത്തെ ഇവിടെ ഇറക്കി വെക്കാനായല്ലോ...നന്ദി..
  @ വാല്യെക്കാരന്‍..

  നന്ദി.. ഡാ..ഈ വാക്കുകള്‍ക്ക്..  @ചെറുവാടി

  പ്രാര്‍ത്ഥിക്കാം നമുക്ക്...
  നന്ദി..  @ഉസ്മാന്‍ ഇരിങ്ങാട്ടിരി.

  'എന്ത് പേര് ചൊല്ലി വിളിക്കും
  ഈ ധന്യതയെ?
  അത് നിനക്കറിയാം
  എനിക്കും,
  പിന്നെ കാലത്തിനും..!'

  പെയ്തു തോരാത്ത ആ സുന്ദര ഓര്‍മകളെ
  ഒരു കൈ കുമ്പിളിലാക്കി ഈ സങ്കടക്കടലിലോഴുക്കി
  ഈ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതിന്..
  തിരക്കിനിടയിലും ഈ മുറ്റത്ത്‌ വരാന്‍ സമയം കണ്ടെത്തിയതിന്..
  പ്രിയ മാഷിന് ഒരായിരം നന്ദി..

  ReplyDelete
 9. കടലുണ്ടി പുഴയില്‍ ഓളങ്ങള്‍ക്ക് ശാന്തത
  പാണക്കാട്ടെ മണല്‍തരിക്കു തീഷ്ണത
  പുഷ്പ്പമൊട്ടുകള്‍ കരിഞ്ഞു വീഴുന്നു
  അഭയാര്‍ഥിയുടെ കണ്ണ് നീര്‍ ചാലിട്ടു ഒഴുകുന്നു
  എല്ലാത്തിനും തണലേകിയ ആ ആല്‍മരം എവിടെ
  വാളിനു പകരം ആത്മസംയമനം ആഴുതമാക്കിയവന്‍
  നൂനപ്ക്ഷതിനായി ഏറുമാടം കെട്ടി കാവലിരുന്നു
  അറിവിന്റെ അനന്തഗോള ങ്ങളിലേക്ക് നഴിച്ചവന്‍
  മിത ഭാഷയില്‍ ആളുകളെ നന്മയില്‍ കൂട്ടിയിണക്കി
  പ്രശ്നപരിഹാരത്തിന്റെ സുപ്രീംകോടതി
  കാറ്റിലും കോളിലും പതറാത്ത കപ്പിത്താന്
  അവര്‍ക്കറിയാം ആസൂര്യന്റെ ഉദയം ഇനി ഇല്ല
  അവരുടെ വിലാപം എന്തെ നേരത്തെ അസ്തമിച്ചു
  അവരുടെ മുഖം ഇനി കാണില്ല ആപുഞ്ചിരി
  അവരോടു പറയുന്നു അകാല്‍പാടുകള്‍
  പിന്തുടര്‍ന്ന് നീങ്ങാന്‍ ..അവര്‍ പിന്തുടരും
  പള്ളി അമ്പലം ചര്‍ച്ച്‌ തേങ്ങി കരയുന്നു
  മത സൌഹാര്ധ മനീഷിക്കായി ...
  ലോകം തേങ്ങിയ നാളുകള്‍ ..അവരുടെ നേതാവിനായി
  ശിഹാബിന്റെ ചന്ദ്രകല നമ്മെ പിന്തുടരും
  എല്ലാവരും തന്നോടപ്പം തന്നോടപ്പം എന്ന് പറയും
  യുദ്ധമല്ല സമാധാന സ്നേഹ സന്ദേശം
  ആരും പറയില്ല മിതഭാഷ ..ആര്‍ക്കുമറിയില്ല ഈ വജനാമ്രതം
  നമ്മുക്കും പിന്തുടരാം ആ കാല്‍പാടുകള്‍....

  ReplyDelete
 10. നന്ദിയുണ്ട് സഹോദരാ എന്റെ തങ്ങളെ കുറിച്ച് എഴുതിയതിനു.ഒരു പൂര്‍ണ ചന്ദ്രനെ പോലെ അകതാരില്‍ സ്നേഹസ്പര്‍ശമായി ആ മന്ദഹാസം നിറയുന്നു,വിടപറഞ്ഞു എന്നോര്‍കുമ്പോള്‍ കണ്ണ് നിറയുന്നു

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More