Dec 13, 2011

ഉറി

ഓര്‍മയുണ്ട്,
തറവാട്ടുപുരയിലെ
തെക്കേ വടക്കിനിയില്‍
തെല്ല് പൊട്ടിയ കല്ലടുപ്പിന് മീതെ
ആരും തിരിഞ്ഞു നോക്കാനില്ലാതെ
നീ മരിച്ചുപോയത്‌..!

പറഞ്ഞുകേട്ടിട്ടുണ്ട്,
കരിപുരണ്ട കഴുക്കോലില്‍
കറുത്ത് നരച്ച വറച്ചട്ടിയുടെ
കദനഭാരവും പേറി
കാലങ്ങളോളമായി നീ
തല തൂക്കിക്കിടന്നത്..!


വല്യുമ്മ പറഞ്ഞതാണ്,
അയലത്തെ ആശാരിപ്പെണ്ണിനെ
പാളിയ പ്രേമം തൂക്കിക്കൊന്നപ്പോള്‍
മുറ്റത്തെ മാവിന്‍കൊമ്പില്‍
കറുത്ത് മെലിഞ്ഞ് തൂങ്ങിക്കിടന്നവള്‍
നിന്നെ ഓര്‍മിപ്പിച്ചെന്ന്..!


മറന്നുകാണില്ല നീ,
ഉമ്മച്ചിയില്ലാത്ത തക്കത്തിന്
പതുങ്ങിവന്ന കാടന്‍പൂച്ച
പൊരിച്ച് വെച്ച ഉണക്കമീനിനായി
പലനാള്‍ പലകുറി
നിന്നെ കേറിപ്പിടിച്ചത്..!


സംശയമിതാണ്,
കറുത്ത് തൊലിഞ്ഞ നിന്‍റെ മേനി
ജന്മ സിദ്ധിയോ- അതോ,
പക പുകയുന്ന അടുപ്പ്‌
കല്‍പിച്ച് കറുപ്പിച്ചതോ..?


ഓര്‍മയുടെ ഉറിയില്‍
തൂങ്ങിയാടുന്നുണ്ട് നീ,
ഒരിക്കലും ഉടയാതെ...

21 comments:

 1. ഉറിയെ കുറിച്ച് ചോദിച്ചപ്പോള്‍
  ഗൂഗിളമ്മവന് പോലും ഒരു നിശ്ച്യോം ല്ല..
  അപ്പൊ പിന്നെ,
  ഓര്‍മകളെ പൊടിതട്ടിയെടുത്ത്
  ഞമ്മള് തന്നെ ഒന്നങ്ങോട്ടു
  മെടഞ്ഞുണ്ടാക്കി..

  പാവം..ഉറി യുടെ ഒരു യോഗം...!!

  ReplyDelete
 2. വളരെ രസകരമായ വര്‍ണ്ണന ...പണ്ട് അനുജത്തിയുടെ കൂടെ കളികൂട്ടുകാരോടൊപ്പംഉറിയില്‍ വെച്ച ഉപ്പിട്ട് ഉണക്കി വെച്ച പുളി തേങ്ങ,തൈര് ഒക്കെ എടുക്കാന്‍ ശ്രമിച്ചതൊക്കെ ഓര്‍മ്മയില്‍ ആടിയിളകി ...ഒരു ഉറിയെ പോലെ..വളരെ ഇഷ്ട്ടമായി ഈ വരികള്‍... ഈ ബ്ലോഗില്‍ വന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓടിയെത്തുന്നു...വളരെ ഇഷ്ട്ടമായി ഈ ബ്ലോഗിലെ ഓരോ അക്ഷരത്തേയും.. അവ ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു... ഒത്തിരി ഓര്‍മ്മകളെ എന്നിലേക്കാവാഹിച്ചു ... ഞാനും തിരിഞ്ഞു നടന്നു,... എന്റെ ലോകത്തേക്ക്....... ഒത്തിരി..ഒരത്തി ആശംസകള്‍... ഇനിയും വരാം ഈ വഴി... കണ്ണുപൊത്തി കളിക്കാനറിയുന്ന


  കണ്ണന്‍ചിരട്ടയില്‍ മണ്ണപ്പം ചുടുന്ന
  കാട്ടുചുള്ളിക്ക പെറുക്കാനറിയുന്ന
  നിന്‍റെ കൂട്ടുകാരെയും കൂടെ കൂട്ടണം.. കളികകൂട്ടുകാരിലേക്ക് എന്റെ ഓര്‍മ്മകളെ തിരിച്ചു കൊണ്ട് പോയ ഈ മുറ്റത്തേക്ക്‌ ..

  ReplyDelete
 3. പതുങ്ങിവന്ന കാടന്‍പൂച്ച
  പൊരിച്ച് വെച്ച ഉണക്കമീനിനായി
  പലനാള്‍ പലകുറി
  നിന്നെ കേറിപ്പിടിച്ചത്..!

  സംശയമിതാണ്,.... അതിനാലാണോ നീ തൂങ്ങിയത്...?

  നന്നായിട്ടുണ്ട് ഭായ് ഉരി ചിന്തകള്‍...

  ReplyDelete
 4. ഓര്‍മയുടെ ഉറിയില്‍
  തൂങ്ങിയാടുന്നുണ്ട് നീ,
  ഒരിക്കലും ഉടയാതെ...!

  നല്ലകാര്യം,
  അതങ്ങ്നെ തൂങ്ങിയാടട്ടെ മനസ്സില്‍..!
  പക്ഷേ..ഈ അയലത്തെ ആശാരിപ്പെണ്ണിന്
  ഇതെന്തിന്റെ കേടാര്‍ന്നു...!

  ആശംസകളോടെ..പുലരി

  ReplyDelete
 5. കവിത കൊള്ളാം ,,,,
  പക്ഷെ എന്താ ഈ തെക്കേ വടക്കിനി ?
  വീടിന്റെ വടക്ക് ഭാഗത്തിനെ ..അല്ലെങ്കില്‍ വടക്കുള്ള ഒരു മുറിയെ അല്ലെ വടക്കിനി എന്ന് പറയുന്നത് ...
  ആശംസകള്‍

  ReplyDelete
 6. തൂറ്റയകത്തായ നാളിതിലെപ്പോഴോ
  തീറ്റയടുക്കള പാത്രം വെടിഞ്ഞു..
  അക്കൂടെ ഉറിയും മറഞ്ഞു..!!!

  ReplyDelete
 7. ഗൂഗിളമ്മവന് പുതിയ ആളായിരിക്കും സഫീറെ അതായിരിക്കും ഒരു നിശ്ച്യോം ഇല്ലാത്തത് ....പണ്ട് കുടുംബത്ത് അടമാങ്ങ ഒക്കെ വച്ചിരുന്ന ഉറി ഓര്‍മ്മയുണ്ട് ...ഇപ്പോള്‍ ഉറിയിലൊക്കെ ചെടികളാണ് ഇരിക്കുന്നത്....ഉറിക്ക് വന്ന പാടെ ..

  ReplyDelete
 8. :) നന്നായി.. ആശംസകള്‍..

  ReplyDelete
 9. മനസ്സിലിപ്പോഴും തൂങ്ങുന്നുണ്ട് ആ പഴയ ഉറി...........ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിച്ചിരുന്ന ആ പഴയ കാലം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളാകെ എന്തോ ഒരു ........നല്ല വരികളില്‍ നല്ല കാലം ഓര്‍മിപ്പിച്ച നല്ല കൂട്ടുകാരാ....
  ആശംസകള്‍..................

  ReplyDelete
 10. @ ഉമ്മുഅമ്മാര്‍
  ----------
  നന്ദി..ഇത്താ..
  ഈ സ്നേഹാക്ഷരങ്ങള്‍ക്ക്..
  പ്രോല്‍സാഹനങ്ങള്‍ക്ക്...
  സസന്തോഷം സ്വാഗതം..എന്നും എന്‍റെ മുറ്റത്തേക്ക്..

  @ KHADU
  ---------
  നന്ദി സുഹൃത്തേ..
  ഈ വരവിനും ചിന്തകള്‍ പങ്കുവെച്ചത്തിനും..

  @ മന്‍സൂര്‍
  ---------
  താങ്ക് യു ഡിയര്‍..

  @ പ്രഭന്‍
  -------
  നന്ദി.. പ്രഭേട്ടാ..
  എന്നത്തേം പോലെ
  വന്നതിനും എന്നെ "ചീത്ത" പറഞ്ഞതിനും..
  പിന്നെ, കേട് ആശാരിപ്പെണ്ണിനല്ല ഏട്ടാ.. ആശാരിക്കാര്‍ന്നു..!

  @ ജാബിര്‍
  --------
  താങ്ക്സ് ഡാ..

  @ വേണുഗോപാല്‍
  ------------
  കവിത കൊള്ളിയതിനു ഒത്തിരി നന്ദി.
  പിന്നെ, തെക്കേ വടക്കിനിയുടെ കാര്യത്തില്‍
  ഏട്ടന്‍ പറഞ്ഞതാകാം ശരി.
  ഓര്‍മയില്‍ ഈ തറവാട്ടുപുരയും അടുപ്പും ഉറിയുമൊന്നും
  അത്ര വ്യക്തമായ്‌ കാണാനില്ല..
  എന്നാലും, "തെക്കേ വടക്കിനി" എന്ന്
  ആരോ പറഞ്ഞു കേട്ട പോലെ തോന്നുന്നു..
  അത് വെച്ച് എഴുതിയതാണ്.
  അല്ലെങ്കില്‍ വടക്കിനിയുടെ തെക്ക് ഭാഗം എന്ന് വെച്ചാല്‍ പ്രശ്നം തീരുമോ..? അറിയില്ല.
  ഏതായാലും തെറ്റ് കാണിച്ചു തന്നതിന് നന്ദി ഏട്ടാ..

  @ നമൂസ്‌
  -------
  ആഹാ.. നല്ല വരികള്‍..
  പാടിപ്പാടി നാമൂസ്‌ കാ പാട്ടുകാരനായില്ലേ..?
  നന്നിയുണ്ട് ട്ടോ..

  @ ജെഫു
  ------
  നന്ദി.. ഈ പുഞ്ചിരിക്കും പുന്നാരത്തിനും..

  @ ഇസ്മയില്‍
  ----------
  നല്ല അക്ഷരങ്ങളില്‍ നല്ല സൗഹൃദം പുതുക്കിയ എന്‍റെ നല്ല ഇക്കാക്ക്
  ഒത്തിരി നന്ദി..

  ReplyDelete
 11. @ കൊച്ചുമോള്‍
  ----------
  ഇയാളെന്താ നേരെ സ്പാമിലെക്കാണല്ലോ കയറിപ്പോയത്..
  മെയില്‍ നോടിഫികാഷന്‍ വന്നപ്പെഴാ മനസ്സിലായത്‌,
  ഇവിടെ വന്നിരുന്നുവെന്ന്..
  അങ്ങനെ അവിടേം ഇവിടേം ഒന്നും പോയി ചാടല്ലേ..ഹി..ഹി.
  ഏതായാലും നന്ദി..വന്നത്തിനും മിണ്ടിയത്തിനും..

  ReplyDelete
 12. "ഓര്‍മയുടെ ഉറിയില്‍
  തൂങ്ങിയാടുന്നുണ്ട് നീ,
  ഒരിക്കലും ഉടയാതെ..."

  എന്‍റെ പഴയ വീടിന്‍റെ അടുക്കളയിലേയ്ക്ക് പോയി ഒരു നിമിഷം. അവിടെയും ഉണ്ടായിരുന്നു....
  (ഈശ്വരാ, ഈയിടെ കാണുന്നതെല്ലാം ഇങ്ങനെ ഓരോന്ന് ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയാല്‍....)

  പിന്നെ, പഴയ തറവാട് ഒക്കെയാവുമ്പോള്‍ പല കെട്ടുകള്‍ ഉണ്ടാവുമല്ലോ. വായിച്ചപ്പോള്‍ എനിക്ക് ഫീല്‍ ചെയ്തത് തെക്കുവശത്തെ കെട്ടിലെ വടക്കിനി എന്നായിരുന്നു.

  ReplyDelete
 13. @ സോണി
  -------
  ഇന്നലെകളിലെ ഓര്‍മകളല്ലേ ചേച്ചീ,
  നാളെകളുടെ സമ്പത്ത്..!

  നന്ദി.. ഈ സ്നേഹക്ഷരങ്ങള്‍ക്ക്..
  ഓര്‍മക്കൂട്ടുകള്‍ക്ക്..

  ReplyDelete
 14. ഉറി ഞാന്‍ കണ്ടിട്ടുണ്ട്..എന്റെ വീട്ടിലല്ല...അതാ ഉറിയെ കുറിച്ചുള്ള ഏക അറിവ്..
  കചടതപ ആള്‍ കൊള്ളാല്ലൊ..ഒക്കെ പൊടി തട്ടി എടുക്കുന്നുണ്ടല്ലെ?
  പൊരിച്ച മീന്‍ ഇത്ര ഇഷ്ടാണ്‌ ല്ലെ? മുന്‍പ് ഒരു പോസ്റ്റിലും വായിച്ചു ഉമ്മച്ചി പൊരിച്ച മീനിനെ കുറിച്ച് ..

  ReplyDelete
 15. നല്ല കവിത. പക്ഷേ, അവസാനിക്കുന്നതിന്‌ മുമ്പുള്ള ഭാഗം വേണ്ടായിരുന്നു, എന്ന് തോന്നി.

  ReplyDelete
 16. ചിലതൊക്കെ പറയാന്‍ കരുതിയിരുന്നു..
  പക്ഷെ വൈകിപ്പോയി.. എന്നാലും പറയട്ടോ..
  കവിത ഒക്കെ നന്നയിട്ടുദ്‌.. കൂട്ടുകാരുടെ അഭിപ്രായങ്ങളും..
  കരുതിയതൊക്കെ എല്ലാരും പറഞ്ഞു പോയി...
  അതില്‍ എന്നെ കൂടി ചേര്‍ത്ത് ഒരു വട്ടം കൂടി വായിക്കണം..
  ഉറി തന്നെ ഓര്മ... ആ ഓര്‍മ്മകള്‍ തന്നെ പലതും ഓര്‍മിപ്പിക്കുന്നു..

  ReplyDelete
 17. @ അനശ്വര
  --------
  ഒരുപാട് നന്ദി.. ഈ വരവിനും വാക്കുകള്‍ക്കും..
  പിന്നെ...യ്,
  പൊരിച്ച മീന് ഇഷ്ടാണ് ട്ടോ..ഒത്തിരി..

  @ വിനോദ് കുമാര്‍
  ------------
  നന്ദി ഏട്ടാ..ഈ അഭിപ്രായത്തിന്..ആശംസകള്‍ക്ക്..
  ഇനിയും വരണമെന്ന അപേക്ഷ മാത്രം..

  @ സ്ടാഷ്‌
  -------
  എന്തിനാ സുഹൃത്തേ..വെറുതെ വൈകിപ്പോവുന്നു..
  നേരത്തെകാലത്ത്‌ തന്നെ ഇങ്ങു പോരാലോ..?
  ആട്ടെ.. വൈകീട്ടെങ്കിലും ഒന്ന് വന്നല്ലോ.. അത് മതി.
  താങ്ക് യു വെരി മച്..

  @ ഗഫൂര്‍.
  -------
  താങ്ക്സ് ഗഫൂര്‍..
  വെരി വെരി താങ്ക്സ്..

  ReplyDelete
 18. ഇവിടെ ആദ്യമാണ്. മികച്ച ഭാഷയില്‍ നല്ലൊരു കവിത. ഇനിയും വരാന്‍ ശ്രമിക്കാം.

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More