കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Oct 10, 2012

ഉമ്മറപ്പടി
തലയില്‍ ചുറ്റിയ
വിയര്‍പ്പഴിച്ചെടുത്ത് കുടഞ്ഞ്
തോളിലെ തൂമ്പ ചായ്പ്പില്‍ ചാരിവെച്ച്
ഉപ്പ പടികയറി വരുന്നതും കാത്ത്
ഉമ്മറത്ത് തന്നെ നില്‍പ്പുണ്ടാകും ,
എല്ലാ മോന്തിക്കും.

വക്ക്  ഞെളുങ്ങിയ
അലുമിനിയക്കോപ്പയില്‍
ഉപ്പിട്ടാറിത്തണുത്ത കഞ്ഞിവെള്ളം നിറച്ച്
അരക്കുത്തഴിച്ചിട്ടുമ്മ വരുമ്പോഴേക്ക്
മടിയില്‍ പിടിച്ചിരുത്തിയിട്ടുണ്ടാവും,
വിയര്‍പ്പ് വറ്റാതെ.

ചേറ്‌ പുരണ്ട
കാല്‍പാദം നീട്ടിവെച്ച്
പാടത്തെ പായാരം പറയാന്‍
ഉപ്പ വാതില്‍ ചാരിയിരിക്കുമ്പോള്‍
നിശ്ശബ്ദയായി കേട്ടിരിക്കും,
ഉമ്മയെ പോലെ.

കുളി കഴിഞ്ഞ്
നനഞ്ഞ കാലുമായി കേറിവരുമ്പോള്‍
മിനുമിനുത്ത കാവിമുഖത്ത്
നനവ്‌ തേച്ച് അകത്ത് കടന്നാലും
മുറുമുറുപ്പുണ്ടായിട്ടില്ല,
ഇന്നോളം വരെ.

ഒടുവിലിന്നലെയും,
തിങ്ങി നിറഞ്ഞ ജനാവലിക്കൊപ്പം
ആറുകാല്‍ മഞ്ചലിലേറി
ആരോടും പറയാതെ ഉപ്പ യാത്ര പോയപ്പോള്‍
ഒന്ന് കരയാന്‍ പോലുമാകാതെ
ഉമ്മറത്ത് തന്നെ നില്‍പുണ്ടായിരുന്നു,
ഞങ്ങളുടെ ഉമ്മറപ്പടി..!


Oct 1, 2012

ഖബര്‍


പരീക്ഷാ മുറിയിലെ
കനത്ത നിശബ്ദതയാണ്
ഓരോ ഖബറിസ്ഥാനിലും.
അകത്തിയിട്ട ഡെസ്കുകള്‍ പോലെ
പരസ്പരം മിണ്ടാതെ, തിരിഞ്ഞ് നോക്കാതെ
കണ്ടിട്ടും കാണാത്തപോലെ
ഏകാന്തരായുറങ്ങുന്ന
ഖബറുകള്‍..

അകത്ത്
പരീക്ഷ നടക്കുന്നുണ്ടാകും.
കണ്ണുരുട്ടി, കൈകള്‍ പിറകില്‍ കെട്ടി
ഗൌരവം ചോരാതെ ഉലാത്തുന്നുണ്ടാവും
ഇന്‍സ്പെക്ടര്‍.
കടിച്ചാല്‍ പൊട്ടാത്ത
ചോദ്യങ്ങളാണോ, എന്തോ..?
പഠിച്ചതല്ലേ, എഴുതാനൊക്കൂ..?!

എവിടെയും കണ്ടിട്ടേയില്ല,
"സൈലന്‍സ് പ്ലീസ്‌" എന്ന്
പുറത്തെഴുതി വെച്ചതായിട്ട്.
എന്നിട്ടും,
പരീക്ഷക്ക്‌ പോയവരെ
ഒന്ന് കാണാന്‍ വരുമ്പോള്‍
ഇത്ര മൌനം പാലിക്കുന്നതെന്തിനാണാവോ
'രക്ഷിതാക്കള്‍'..?

അളന്നു നാട്ടിയ
മീസാന്‍ കല്ലുകളിലെ
നിറംമങ്ങിയ കൊത്തക്ഷരങ്ങളിലാണ്
ഓരോ ഓര്‍മകളും.
കറുകപുല്ലു മുളച്ച മണ്ണിനു താഴെ
പരീക്ഷാഹാളിലെ ഉടപ്പിറപ്പിന്
ഉത്തരം തൊണ്ടയില്‍ കുരുങ്ങാതിരിക്കാന്‍
മതിയാകുമോ ആവോ,
ഈ ഒരുതുള്ളി കണ്ണുനീര്‍..?

ഓരോ ഇളംകാറ്റിലും
തലയാട്ടിച്ചിരിച്ച്‌ മാടിവിളിക്കുന്നുണ്ട്
മൈലാഞ്ചിച്ചെടികള്‍..
കാറ്റ് നിലച്ച ഇടനേരങ്ങളില്‍
കരകവിഞ്ഞ എന്‍റെ കണ്ണുകള്‍ നോക്കി
ഞാന്‍ കേള്‍ക്കാതെ
അവര്‍ അടക്കം പറഞ്ഞത്‌
എന്തായിരിക്കും..?

ഒരു എളിയ അപേക്ഷയുണ്ട്,
ഈ പരീക്ഷാര്‍ഥിക്കും.
കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍
ദേഹി വറ്റിയ ഈ ദേഹം
ഒരിക്കല്‍ നിനക്ക് സ്വന്തമാകുമ്പോള്‍,
എല്ലാം മറന്ന് നീയെന്നെ കെട്ടിപ്പുണരുമ്പോള്‍
ഒരല്‍പം കരുണ കാട്ടണേ,
എന്‍റെ പുന്നാര ഖബറെ...സ്നേഹം


കാറ്റ്‌ വിളക്കിനോട് പറഞ്ഞു:
എനിക്ക് നിന്നെ ഇഷ്ടമാണ്, നിനക്കോ..?

കാറ്റിന്റെ സ്നേഹാലിംഗനത്തില്‍
വിളക്കിന്‍റെജ്വാലയണഞ്ഞു.

കാറ്റ്
മറ്റൊരു വിളക്ക് ലക്ഷ്യമാക്കി അലഞ്ഞു..Twitter Delicious Facebook Digg Stumbleupon Favorites More