Oct 1, 2012

ഖബര്‍


പരീക്ഷാ മുറിയിലെ
കനത്ത നിശബ്ദതയാണ്
ഓരോ ഖബറിസ്ഥാനിലും.
അകത്തിയിട്ട ഡെസ്കുകള്‍ പോലെ
പരസ്പരം മിണ്ടാതെ, തിരിഞ്ഞ് നോക്കാതെ
കണ്ടിട്ടും കാണാത്തപോലെ
ഏകാന്തരായുറങ്ങുന്ന
ഖബറുകള്‍..

അകത്ത്
പരീക്ഷ നടക്കുന്നുണ്ടാകും.
കണ്ണുരുട്ടി, കൈകള്‍ പിറകില്‍ കെട്ടി
ഗൌരവം ചോരാതെ ഉലാത്തുന്നുണ്ടാവും
ഇന്‍സ്പെക്ടര്‍.
കടിച്ചാല്‍ പൊട്ടാത്ത
ചോദ്യങ്ങളാണോ, എന്തോ..?
പഠിച്ചതല്ലേ, എഴുതാനൊക്കൂ..?!

എവിടെയും കണ്ടിട്ടേയില്ല,
"സൈലന്‍സ് പ്ലീസ്‌" എന്ന്
പുറത്തെഴുതി വെച്ചതായിട്ട്.
എന്നിട്ടും,
പരീക്ഷക്ക്‌ പോയവരെ
ഒന്ന് കാണാന്‍ വരുമ്പോള്‍
ഇത്ര മൌനം പാലിക്കുന്നതെന്തിനാണാവോ
'രക്ഷിതാക്കള്‍'..?

അളന്നു നാട്ടിയ
മീസാന്‍ കല്ലുകളിലെ
നിറംമങ്ങിയ കൊത്തക്ഷരങ്ങളിലാണ്
ഓരോ ഓര്‍മകളും.
കറുകപുല്ലു മുളച്ച മണ്ണിനു താഴെ
പരീക്ഷാഹാളിലെ ഉടപ്പിറപ്പിന്
ഉത്തരം തൊണ്ടയില്‍ കുരുങ്ങാതിരിക്കാന്‍
മതിയാകുമോ ആവോ,
ഈ ഒരുതുള്ളി കണ്ണുനീര്‍..?

ഓരോ ഇളംകാറ്റിലും
തലയാട്ടിച്ചിരിച്ച്‌ മാടിവിളിക്കുന്നുണ്ട്
മൈലാഞ്ചിച്ചെടികള്‍..
കാറ്റ് നിലച്ച ഇടനേരങ്ങളില്‍
കരകവിഞ്ഞ എന്‍റെ കണ്ണുകള്‍ നോക്കി
ഞാന്‍ കേള്‍ക്കാതെ
അവര്‍ അടക്കം പറഞ്ഞത്‌
എന്തായിരിക്കും..?

ഒരു എളിയ അപേക്ഷയുണ്ട്,
ഈ പരീക്ഷാര്‍ഥിക്കും.
കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍
ദേഹി വറ്റിയ ഈ ദേഹം
ഒരിക്കല്‍ നിനക്ക് സ്വന്തമാകുമ്പോള്‍,
എല്ലാം മറന്ന് നീയെന്നെ കെട്ടിപ്പുണരുമ്പോള്‍
ഒരല്‍പം കരുണ കാട്ടണേ,
എന്‍റെ പുന്നാര ഖബറെ...18 comments:

 1. സ്നേഹങ്ങളോക്കെയും കണ്ണീരായോഴുകുമ്പോള്‍
  ബന്ധങ്ങളോക്കെയും തെങ്ങലായുയരുമ്പോള്‍
  ആര്‍ക്കും വിട്ടു കൊടുക്കാതെ നമ്മെ മാറോടണക്കുന്ന
  നമ്മുടെ സ്വന്തം മണ്ണറ....

  ജീവിതാസ്വാദനങ്ങള്‍ക്കിടയില്‍ ഒരു ദൈവചിന്ത...!

  ReplyDelete
 2. മനസ്സില്‍ ഒരു ആധിയാണ് ഖബര്‍ .. എങ്കിലും അനിവാര്യതയും .. ലളിതമായി എഴുതി. എങ്കിലും വരികള്‍ക്ക് മനസ്സിലേക്ക് സഞ്ചരിക്കാനുള്ള കരുത്തുണ്ട്

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഖബര്‍ ആധിയും അനിവാര്യതയുമാണ്..
   ഈ വാക്കുകള്‍ക്ക് നിറഞ്ഞ നന്ദി..

   Delete
 3. നല്ല കവിത.
  ഒരിക്കല്‍ നിനക്ക് സ്വന്തമാകുമ്പോള്‍,
  എല്ലാം മറന്ന് നീയെന്നെ കെട്ടിപ്പുണരുമ്പോള്‍
  ഒരല്‍പം കരുണ കാട്ടണേ,
  എന്‍റെ പുന്നാര ഖബറെ...
  നല്ല വരികള്‍.

  ReplyDelete
  Replies
  1. നന്ദിയേട്ടാ..
   ഈ വരവിനും അഭിപ്രായത്തിനും..

   Delete
 4. അക്ഷരങ്ങളുടെ പിണഞ്ഞുചേരലുകള്‍ മനസ്സിനെ പതിയെ ഒരു വിചാരപ്പെടലിലേക്ക് എത്തിക്കുന്നുണ്ട്.. നല്ല കവിതക്ക് നല്ല നന്ദി.

  ReplyDelete
  Replies
  1. താങ്ക്സ് സുഹൈല്‍...
   നേരത്തെ ചോദിച്ചത് നേരിട്ടു തരാം... എത്ര വേണേലും..
   ഇനിയും വരണം ഇടയ്ക്കിടെ..
   :)

   Delete
 5. പല തവണ വായിച്ചു സഫീര്‍, വളരെ നന്നായി.
  ഒരു പാട് പരീക്ഷാ ഹാളുകളിരുന്നിട്ടും, അതിനു കബരിനോട്
  ഇത്ര സാദ്ര്ശ്യമുന്ടെന്നു കവിത വായിച്ചപ്പോഴാ ചിന്തിച്ചത്‌..
  കടിച്ചാല്‍ പൊട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചുറ്റുമിരിക്കുന്നവരെ
  അറിയാതെ വിസ്മരിച്ചു പോകുന്നു എല്ലാവരും.

  ReplyDelete
  Replies
  1. താങ്ക്യു ജാഫര്‍.. ഈ അക്ഷരങ്ങള്‍ക്ക്...

   Delete

 6. പരീഷ ഹാളില്‍ പഠിചുവച്ച ഉത്തരം മെങ്കിലും എഴുദാന്‍ പറ്റും അല്ലെങ്കില്‍ കോപ്പി അടിയും പറ്റും ..ഖബറിടത്തില്‍ ഇതൊന്നും നടക്കില്ല എന്നാലും ആ പരീഷയില്‍ ജയിക്കാന്‍ എല്ലാവരും ശ്രമിക്കുക ആ പരീഷയെ പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ..എഴുദിയ വരികള്‍ നന്നായിടുണ്ട് ആശംസകള്‍ ...

  ReplyDelete
  Replies
  1. നന്ദിയുണ്ടിത്താ...
   ആദ്യാമായി എന്‍റെ ഈ കൊച്ചു കുടിലില്‍ വിരുന്നു വന്നതിനും..
   അഭിപ്രായം പങ്കുവെച്ചതിനും...

   Delete
 7. പരീക്ഷാഹാളും ഖബറും സമാന്തരമായി ചിത്രീകരിച്ചത് ഇഷ്ടമായി.

  ReplyDelete
  Replies
  1. താങ്ക് യു ജോസെഫ്..
   ഒത്തിരി നന്ദി...

   Delete
 8. ജീവിതത്തിന്‍റെ നശ്വരതയും മരണത്തിന്‍റെ വിഹ്വലതയും പറഞ്ഞു വെക്കുന്ന വരികള്‍ .....
  ''തീര്‍ച്ചയായും എല്ലാ ശരീരങ്ങളും മരണത്തിന്‍റെ രുചി അറിയുക തന്നെ ചെയ്യും''എന്ന താക്കീത് ജീവിതത്തിന്‍റെ വര്‍ണ്ണ ശബളിമയില്‍ നമ്മെളെല്ലാം മറന്നു പോവുന്നു ............ഒരു സന്തോഷ മുത്തം കൂടി ....ഈ നല്ല എഴുത്തിനു ........ഇത്ര മാത്രം ............

  ReplyDelete
 9. നന്ദി മാഷേ..
  ഈ ആശീര്‍വാദത്തിന്.. അനുഗ്രഹത്തിന്...

  ReplyDelete
 10. “അവര്‍ അടക്കം പറഞ്ഞത്‌
  എന്തായിരിക്കും..?” പിന്നീട് വന്ന വരികള്‍ അവരുടെ അടക്കം പറച്ചിലായിരിക്കും എന്ന് ഒരു മാത്ര ഞാന്‍ തെറ്റിദ്ധരിച്ചുപോയി. എന്തായാലും നല്ലൊരു കവിത.

  ReplyDelete
 11. ദേഹി വറ്റിയ ഈ ദേഹം
  ഒരിക്കല്‍ നിനക്ക് സ്വന്തമാകുമ്പോള്‍,
  എല്ലാം മറന്ന് നീയെന്നെ കെട്ടിപ്പുണരുമ്പോള്‍
  ഒരല്‍പം കരുണ കാട്ടണേ,
  എന്‍റെ പുന്നാര ഖബറെ...
  വരികള്‍ നന്നായിട്ടുണ്ട് സഫീറെ ..

  ReplyDelete
 12. ഹൃദയ സുഹൃത്തേ.....
  സ്നേഹത്തോടെ ആണെങ്കിലും കവിളില്‍ ഉമ്മ വെക്കുമ്പോള്‍ കടിക്കരുതേ,, എന്ന് പറയുമ്പോള്‍ !!!! ഹാവൂ .... എനിക്കെന്തോ ഇപ്പോയും ഖ്ബറിനെ വേണ്ടത്ര സ്നേഹിക്കാനയില്ലല്ലോ എന്ന ഒരു തോന്നലെടാ ....
  നന്ദി കൂട്ടുകാരാ മന്നടിയുംമുമ്പേ മണ്ണിന്റെ ഓര്‍മ്മകള്‍ തന്നതിന്.

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More