ഒന്നിരിക്കൂന്നെ.. പറയട്ടെ...
ഹായ്‌ സുഹൃത്തേ..


സ്നേഹപുരസ്വരം എന്റെ
ഈ കൊച്ചു കുടിലിലേക്ക് സ്വാഗതം..
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത്
വെള്ളില ദേശത്തു ജനനം.


സുബ്ഹിമുല്ലയും സൂര്യകാന്തിയും മല്ലികപ്പൂവും 

വിരിഞ്ഞു നില്‍ക്കുന്ന പ്രഭാതങ്ങളും.... ,
കോടമഞ്ഞും കുളിര്‍കാറ്റും കുഞ്ഞിവെയിലും
പെയ്തുതീരാത്ത സൂര്യോദയങ്ങളും...,
കാളപൂട്ടും കാല്‍പന്തുകളിയും ചേറ്‌മീന്‍പിടിത്തവും
അരങ്ങു തകര്‍ക്കുന്ന വൈകുന്നേരങ്ങളും...,
തവളാച്ചിക്കരചിലും , പാല്‍കഞ്ഞിപായസവും, പാതിരാപ്രഭാഷണങ്ങളും ഓര്‍മ മങ്ങാത്ത രാവുകളും...
കണ്ടും കേട്ടും മതി വരാത്ത, ആസ്വദിച്ചു കൊതി തീരാത്ത
ഒരു തനി നാട്ടുമ്പുറത്തുകാരന്‍..


അക്ഷരാഭ്യാസം നാട്ടിലെ പള്ളിക്കൂടത്തില്‍ നിന്ന് തുടങ്ങി.

പിന്നെ, പലയിടങ്ങളിലും പല ദേശങ്ങളിലും
അക്ഷരം തേടിയലഞ്ഞു...
കിട്ടുന്നതൊക്കെ പെറുക്കാന്‍ ശ്രമിച്ചിട്ടും
മനസ്സിനകത്തേക്ക് പാളി നോക്കുമ്പോള്‍
ആഴക്കിണര്‍ പോലെ ശൂന്യമാണെന്ന തിരിച്ചറിവുള്ളവന്‍...


ഒടുവില്‍,

ജീവിതത്തിനു തീ പിടിച്ചപ്പോള്‍
കിട്ടിയ കിനാക്കളും പെറുക്കിയെടുത്ത്
ഉറ്റവരോടും ഉടയവരോടും സലാം പറഞ്ഞ്
പ്രവാസത്തിന്‍റെ പ്രയാസത്തിലേക്ക് വണ്ടി കയറിയവന്‍...


അലാ(ല)റിക്കരയുന്ന ടൈംപീസ്‌ കണികണ്ടുണര്‍ന്ന്,

ഖുബൂസിന്റെ കരളുറപ്പിനെ തോല്‍പ്പിച്ച് പശിയടക്കി,
അട്ടത്തെക്കട്ടിലില്‍ മൂട്ടയെയും കെട്ടിപ്പിടിച്ചുറങ്ങി
പ്രവാ(യാ)സത്തിന്റെ ഓരോ നിമിഷങ്ങളും
ആസ്വദിച്ചു തീര്‍ക്കുന്നവന്‍...


അക്ഷരങ്ങളോടും നിറങ്ങളോടുമുള്ള കൂട്ട്

ചെറുപ്പത്തിലെ തുടങ്ങി..
കണ്ണും കരളും വളര്‍ന്നതിനൊപ്പം
ഉള്ളിലെ അക്ഷരമോഹവും വളര്‍ന്നു.
അവ പലപ്പോഴായി, പലയിടങ്ങളിലായി
അറിയാവുന്ന ഭാഷയില്‍ കുത്തിക്കുറിച്ചു..
അവയില്‍ പലതും വെളിച്ചം കണ്ടു..
ഭാഷാപോഷിണി, മാതൃഭൂമി, മാധ്യമം, ചന്ദ്രിക, തേജസ്‌ തുടങ്ങി പല പത്രമാഗസിനുകളിലും ആനുകാലികങ്ങളിലും
'മുസാഫിര്‍' എന്ന തൂലികാനാമത്തില്‍
എന്‍റെ പൊട്ടക്ഷരങ്ങള്‍ മഷി പകര്‍ന്നു..
 പലതും ആരുമറിയാതെ, ആരോടും പറയാതെ
 ഉള്ളില്‍ തന്നെ മരിച്ചു കിടന്നു..


ഇത് ഒരു ചെറിയ കാല്‍വെപ്പ്...

അല്ല , ഒരു നേരമ്പോക്ക്...
പെറുക്കിക്കൂട്ടിയ അക്ഷരങ്ങളും പെറ്റ്കൂട്ടിയ ചിന്തകളും
മനസ്സില്‍ നിന്നുതിര്‍ന്നു വീണു മഴയിലലിയുന്നതിനു മുമ്പ്
അവ ഒരുക്കൂട്ടിവെക്കാന്‍ കണ്ടെത്തിയ ഒരിടം..
ആര്‍ക്കും എപ്പോഴും കയറിവരാനും
വേണ്ടുവോളം സൊറപറഞ്ഞിരിക്കാനും
കളിയും ചിരിയും കാര്യങ്ങളും കൊറിച്ചിരുന്നു
സല്ലപിക്കാനും സംസാരിക്കാനും
മനസ്സിന്റെയോരത്ത് ഞാന്‍
നിങ്ങള്‍ക്കായി കെട്ടിയുണ്ടാക്കിയ ഒരു കൊച്ചുകുടില്‍..


ഇവിടെ

ഞാന്‍ തനിച്ചാണ്..
മഴയും വെയിലും, കാറ്റും കുളിരും, പൂവും പൂമ്പാറ്റയും,
ഉറിയും ഊഞ്ഞാലും, വെള്ളത്തണ്ടും അപ്പൂപ്പന്‍ താടിയും,
കണ്ണിമാങ്ങയും മഞ്ചാടിക്കുരുവും ...
എന്ന് വേണ്ട,
ഇന്നലെകളുടെ ഇടവഴികളില്‍ ഞാന്‍ മറന്നു വെച്ച
ഓരോ ഓര്‍മകളും മാത്രമാണ് ഇവിടെയെന്റെ കൂട്ട്..


ഇവിടെ വീണുകിടക്കുന്ന പൂക്കളും ഇലകളും

ഇന്നലെ പെയ്ത മഴയില്‍ കൊഴിഞ്ഞതാണ്..
അതില്‍ നിറമുള്ളതും നിറം മങ്ങിയതുമുണ്ട്..
കറുത്തതും വെളുത്തതുമുണ്ട്..
നനഞ്ഞതും വരണ്ടുണങ്ങിയതുമുണ്ട്..
ജീവനുള്ളതും മരിച്ചതുമുണ്ട്‌..ചിതറി തെറിച്ച ചില ചിന്തകളുടെ
ചില്ലു പൊട്ടുകളാണിവിടെ..
ചെരുപ്പിട്ടെ നടക്കാവൂ, എന്‍റെ മുറ്റത്ത്..!
ഇല്ലെങ്കില്‍,
കാലില്‍ തറക്കും ചിലപ്പോള്‍..
കണ്ണില്‍ ചോരപൊടിയും പലപ്പോള്‍..


ഓട്ടയില്ലാത്ത കുടയുണ്ടല്ലോ കയ്യില്‍..?

വര്‍ഷക്കലമല്ലേ..
മഴ പെയ്താല്‍ ‍കേറി നില്‍ക്കാന്‍
എന്റെ വീടിനു കൂരയില്ല..!?
പേടിക്കണ്ട,
മനസ്സിന് പനിപിടിക്കാത്ത കാലത്തോളം
മഴ പെയ്താലും നിന്‍റെ തല നനയില്ല.
കുട ചൂടണമെന്നില്ല...!


കാറ്റ് പെയ്യുമ്പോള്‍

നീ ഈ മണല്‍ പുറത്തിരിക്കരുത്..!
മുമ്പിലെ കടല്‍
നിന്‍റെ കണ്ണിലൂടെ ഒഴുകിയെന്നു വരും..
ചിന്തകള്‍ നനഞ്ഞ് കുതിര്‍ന്നെന്നു വരും..
കാറ്റും കടലും
നിന്‍റെ കണ്ണുകള്‍ കണ്ടെന്നു വരില്ല...!


ഇനിയും മനസ്സിലായില്ലെങ്കില്‍

ഞാന്‍ പറയാം,
എന്നെക്കുറിച്ച് ഒരൊറ്റ വരി..
"ചിരിക്കും കരച്ചിലിനുമിടയിലെ ഒരു നേര്‍ത്ത വര."


മറ്റൊരു വാക്കില്‍ പറഞ്ഞാല്‍,

ഞാനൊരു പാവം..
നീ ചിരിക്കുമ്പോള്‍ ചിരിക്കാനറിയുന്ന
നീ കരയുമ്പോള്‍ കരയാന്‍ കഴിയുന്ന
കണ്ണെത്താത്ത സ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്ന
ഒരു പാവം മനുഷ്യന്‍..


ഇനി നന്ദി പറയട്ടെ...


ഈ മുറ്റത്ത് വന്നതിന്...

ഈ കുടിലില്‍ കയറിയിരുന്നതിന്..
എന്‍റെ മഴയും വെയിലും കൊണ്ടതിന്...
ഇത്രയും നേരം എന്നെ സഹിച്ചതിന്..
എന്‍റെ ഹൃദ്യമായ, അകൈതവമായ  നന്ദി..ഇനിയും വരണം , ഈ വഴിക്കൊക്കെ...


ഇനി വരുമ്പോള്‍

കണ്ണ്പൊത്തി കളിക്കാനറിയുന്ന,
മണ്ണപ്പം ചുടാനറിയുന്ന,
കൊത്തക്കല്ല് കളിക്കാനറിയുന്ന,
മഞ്ചാടിക്കുരു പെറുക്കാനറിയുന്ന
നിന്‍റെ കൂട്ടുകാരെയും കൂടെ കൂട്ടണം...


കണ്ണുനട്ട് കാത്തിരിക്കാം ഞാന്‍...

ഈ ഇടമഴ മുറിയാത്ത ഇറയത്ത്
ഈര്‍പ്പം വറ്റാത്ത ചിന്താവല്ലികളില്‍
ഇന്നലെകളുടെ നനവുള്ള ഓര്‍മ്മകള്‍ കോര്‍ത്തെടുത്ത്
ഞാന്‍ കാത്തിരിക്കാം..
നിന്നെയും കാത്ത്...
അല്ല, നിങ്ങളെയും കാത്ത്...


 

നിങ്ങളുടെ സ്വന്തം,Twitter Delicious Facebook Digg Stumbleupon Favorites More