സാഹിത്യരസങ്ങള്‍..
സഹിത സ്വഭാവമുള്ളതാണ് സാഹിത്യം. പരസ്പരാപേക്ഷയുള്ള ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ചുചേരുന്നതിനെയാണ് സാഹിത്യം എന്ന് പറയുന്നത്. ഭാഷ മാധ്യമമായുള്ള കലാരൂപം എന്നും സാഹിത്യത്തെ നിര്‍വചിക്കാം. മലയാളഭാഷയിലുള്ള സാഹിത്യത്തെ 'മലയാള സാഹിത്യം' എന്ന് വിളിക്കുന്നു. ആയിരക്കണക്കിന് പദ്യ - ഗദ്യ കൃതികളാല്‍ സമ്പുഷ്ടമാണ് മലയാള സാഹിത്യം.

കവിത, ഗദ്യം, നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍കൊള്ളുന്നതാണ് സാഹിത്യം. സാഹിത്യം എന്നത് സംസ്കൃത പദമാണ്.  എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ 'കാവ്യം ' എന്നാണു വിളിക്കുന്നത്‌. ശബ്ദവും അര്‍ത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കാവ്യമാണ് സാഹിത്യത്തിന്‍റെ അടിസ്ഥാനം എന്ന് തന്നെ പറയാം. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനും കവിയുമായിരുന്ന വിശ്വനാഥകവി  രാജന്‍ രചിച്ച 'സാഹിത്യ ദര്‍പ്പണം' എന്ന സംസ്കൃതകാവ്യ ശാസ്ത്ര ഗ്രന്ഥത്തിലൂടെയാണ് 'സാഹിത്യം' എന്ന വാക്കിന് പ്രചാരം ലഭിക്കുന്നത്.

സാഹിത്യം രുചിയുടെ കലവറയാണ്. എത്ര കേട്ടാലും മതി വരാത്ത , എത്ര വായിച്ചാലും മനസ്സ് നിറയാത്ത ഒത്തിരി രുചിക്കൂട്ടുകള്‍ നിറഞ്ഞതാണ് സാഹിത്യം.
ഇവിടെ, മലയാള സാഹിത്യത്തിലെയും മറ്റു ഭാഷാസാഹിത്യങ്ങളിലെയും നര്‍മരസങ്ങളില്‍ ചിലത് വെച്ച് വിളമ്പിത്തരാനുള്ള ഒരു എളിയ ശ്രമമാണ്. പലയിടങ്ങളിലും വായിച്ചതോ കേട്ടതോ ആയിരിക്കാം. എന്നാലും ഒന്ന് അയവിറക്കാനുള്ള രസം, അതൊന്ന് വേറെത്തന്നെയല്ലേ...?

കുഞ്ചന്‍ നമ്പ്യാര്‍

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ നിമിഷക്കവി എന്നതിന് പുറമേ തുള്ളല്‍ എന്ന നൃത്ത കലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ധേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ ആഗ്രഗണീയനാണ് കുഞ്ചന്‍ നമ്പ്യാര്‍.
ദ്വയാര്‍ത്ഥമുള്ള കവിതകള്‍ നമ്പ്യാരുടെ ഒരു ശൈലിയായിരുന്നു.
ഒരിക്കല്‍  അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാരത്തിലെ ഊണ് കഴിഞ്ഞ്  പോകാന്‍ നേരം രാജാവ് ഊണിനെ പറ്റി അഭിപ്രായം പറയാന്‍ പറഞ്ഞത്രേ.
ഉടന്‍ നമ്പ്യാര്‍ പാടി:

"പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും

പുത്തന്‍ നെയ്‌ കനകെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറു കരിക്ക് ദാസ്യമിയലും നാരങ്ങയും മാങ്ങയും
ഇത്ഥം ചെമ്പനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം"

ഉദ്ദേശം ഇങ്ങനെ:പത്രം + വിസ്ത്രതം + അത്ര (വിശാലമായ ഇലയാണവിടെ)
തുമ്പമലര്‍ +തോറ്റോടീടിനോ + ഒരു അന്നവും (തുമ്പപ്പൂവ്  തോറ്റ് പോകുന്ന തരം ചോറ് )
പുത്തന്‍ നെയ്‌  (പുതിയ നെയ്യും)
കനകപ്പഴുത്ത പഴവും കാളിപ്പഴം (കനകം പോലെ പഴുത്ത പഴം, അതും  കാളിപ്പഴം - കളിപ്പഴത്തിനൊരു പ്രത്യേകതയുണ്ട് , അത് സ്വര്‍ണനിറമാകുമ്പോള്‍ കഴിക്കണം, കൂടുതല്‍ പഴുത്താല്‍ കൊള്ളുകയില്ല)
കാളനും  (കാളനുമുണ്ട്)
പത്തഞ്ഞൂറു കരിക്ക് ദാസ്യമിയലും നാരങ്ങയും മാങ്ങയും (അര്‍ഥം വ്യക്തം- ധാരാളം കറികളും അവക്ക് ദാസിമാരായി നാരങ്ങ മാങ്ങാ അച്ചാറുകളും)
ഇത്ഥം + ചെമ്പനാട്ടില്‍ + അഷ്ടി (ഇങ്ങനെ ചെമ്പനാട്ടില്‍  ആഹാരം)
തയിര്‍മോര്‍ തട്ടാതെ കിട്ടും (മോരിന്റെ അല്പം പോലും കലരാത്ത തൈരും കിട്ടും) ശുഭം


ആഹാ.. ഇത് കേട്ടതും ചെമ്പകരാജാവിന്‍റെ സന്തോഷം പറയണോ..?


പക്ഷേ, നമ്പ്യാര്‍ തിരുവനന്തപുരത്തെത്തുന്നതിനു മുമ്പെ ചെമ്പകശ്ശേരിയിലെ ഉണിന്റെയും അത് പുകഴ്ത്തിപ്പാടിയത്തിന്റെയും വിവരം തിരുവനന്തപുരം രാജാവറിഞ്ഞു. നമ്പ്യാരെ വിളിപ്പിച്ചു അന്വേഷിച്ചപ്പോള്‍ അവിടെയും ഇങ്ങനെതന്നെ  പാടി.


"പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനകെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറു കരിക്ക് ദാസ്യമിയലും നാരങ്ങയും മാങ്ങയും
ഇത്ഥം ചെമ്പനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം"


പക്ഷേ, ഉദ്ദേശം ഇങ്ങനെ : 


പത്രം + വിസ്ത്രതം + അത്ര + തുമ്പമലര്‍ (അവിടെ ഇലയുടെ വലിപ്പം തുമ്പപ്പൂവിനോളം)
തോറ്റോടീടിനോ + ഒരു അന്നവും (ചോറിന്റെ കാര്യം പറയണ്ട, ഓടിപ്പോകും മുമ്പിലിരുന്നാല്‍)
പുത്തന്‍ നെയ്‌ + കനകെ ( പുത്തന്‍ നെയ്‌ , പക്ഷേ കനച്ചതാണ്)
പഴുത്ത പഴം കാളി (പഴുത്ത പഴമാണെന്കിലോ, അതും കാളി - കളിപ്പഴത്തിന്‍റെ പ്രത്യേകത പറഞ്ഞില്ലേ , അത് സ്വര്‍ണനിറമാകുമ്പോള്‍ കഴിക്കണം, കൂടുതല്‍ പഴുത്താല്‍ കൊള്ളുകയില്ല )
പഴം കാളനും (കാളനാണെങ്കില്‍ അതും പഴയത്)
പത്തഞ്ഞൂറു കരിക്ക് ദാസ്യമിയലും നാരങ്ങയും മാങ്ങയും (അര്‍ഥം വ്യക്തം- ധാരാളം കരികളുണ്ടെങ്കിലും  അവക്ക് ദാസിമാരായിരിക്കാന്‍ മാത്രം യോഗ്യതയുള്ള  നാരങ്ങ മാങ്ങാ അച്ചാറുകളും)
ഇത്ഥം + ചെമ്പനാട്ടില്‍ + അഷ്ടി (ഇങ്ങനെ ചെമ്പനാട്ടില്‍  ആഹാരം)
തയിര്‍മോര്‍ തട്ടാതെ കിട്ടും (തൈരും മോരും കിട്ടാനേയില്ല, എന്നാലും  കിട്ടും ) ശുഭം


ഹോ, ഇത് കേട്ടതും തിരുവനന്തപുരം രാജാവും ഖുശീ ഹോഗയാ...

===============================================

മറ്റൊരു സംഭവം പറയാം.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു.
ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചന്‍ നമ്പ്യാരോട് നമ്പി ചോദിച്ചു.
"ആരാ..?"
"നമ്പ്യാരാ.."
നമ്പിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ അയാള്‍ നമ്പ്യാരിങ്ങനെ സങ്കടമുണര്‍ത്തിച്ചു: 
"നമ്പിയാരെന്നു ചോദിച്ചു, നമ്പ്യാരെന്ന് ചൊല്ലിനേന്‍.
നമ്പി കേട്ടത കോപിച്ചു. തമ്പുരാനേ പൊറുക്കണം."

===============================================

നമ്പ്യാരുടെ സമകാലികനായിരുന്ന ഉണ്ണായിവാര്യരും ഇത്തരം ഫലിതോക്തിയില്‍ നിപുണനായിരുന്നു. ഒരിക്കല്‍ കുഞ്ചന്‍ നമ്പ്യാരും ഉണ്ണായി വാര്യരും കുളിക്കാനിറങ്ങിയപ്പോള്‍ റാണിയും തോഴിയും കുളി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു.

വാര്യര്‍ ചോദിച്ചു: 
'കാതിലോല.? " (ക - അതിലോല= അതിസുന്ദരി ആരാണ്..?)
നമ്പ്യാരുടെ മറുപടി :
നല്ലതാളി. (നല്ലത് ആളി = കൂടുതല്‍ സുന്ദരി തോഴിയാണ്.)

ഈ സംഭാഷണം കേട്ട റാണിയും തോഴിയും മനസ്സിലാക്കിയത് , റാണിയുടെ കാതില്‍ അണിഞ്ഞിരിക്കുന്ന ഓല എന്ന ആഭരണത്തെയും തോഴിയുടെ കയ്യിലുണ്ടായിരുന്ന താളിയെയും കുറിച്ചാണ് ഇവര്‍ സംസാരമെന്നാണ്.

===============================================

മറ്റൊരിക്കല്‍ ആന ഇറങ്ങി കലങ്ങിയ കുളം കണ്ടപ്പോള്‍  വാര്യര്‍ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാര്‍ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വക്കുകളുപയോഗിച്ചു കുളം കലക്കിയത് ആനയാണെന്ന് രണ്ടു പേരും പറഞ്ഞതെങ്കിലും കുളത്തിലെ വെള്ളത്തിന്‍റെ നിറം പലരീതിയില്‍ വര്‍ണിച്ച എന്നെ തോന്നൂ..


===============================================


സമൂഹത്തിലെ തിന്മകളെ തന്‍റെ ഫലിതം കലര്‍ന്ന ശൈലിയില്‍ നമ്പ്യാര്‍ വിമര്‍ശിക്കുന്നത്  പലയിടത്തും കാണാം.

"രാജ്യകാര്യങ്ങളെ ക്ലേശിക്കഎന്നൊരു വ്യാജം നടിച്ചു സമസ്ത സാധുക്കളെ
തേജോവധം ചെയ്തു വിത്തമാര്‍ജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതു ചിലര്‍"

ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും വിമര്‍ശിച്ചു "ഹരിണീ സ്വയം വരത്തില്‍" നമ്പ്യാര്‍ എഴുതിയതാണിത്.

കാര്യമായ ജോലിയൊന്നും ചെയ്യാതെ ഊണും ഉറക്കവും പരദൂഷണവും പതിവാക്കി നടക്കുന്നവരെ നമ്പ്യാര്‍ വിമര്‍ശിക്കുന്നതിങ്ങനെ:

"ഉണ്ണണമെന്നുമുറങ്ങണമെന്നും,
പെണ്ണുങ്ങളോട് രസിക്കണമെന്നും
കണ്ണിക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ട് ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല."

===============================================

നളചരിതരത്തില്‍ അരയന്നം കണ്ട ദേശാന്തരക്കാഴ്ചകള്‍ വര്‍ണിക്കുന്നിടത്ത് നമ്പ്യാരുടെ ഫലിതം കലര്‍ന്ന വരികളിങ്ങനെ:" നായര്‍ വിശന്നുവലഞ്ഞുവരുമ്പോള്‍, കായക്കഞ്ഞിക്കരിയിട്ടില്ല.
ആയതുകേട്ടുകലമ്പിചെന്നങ്ങായുധമുടനെ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമാച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു.
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു.
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടിനടന്നു. "

കല്യാണ സൗഗന്ധികത്തില്‍ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ  തേടിപ്പോകുന്ന ഭീമന്‍ , തന്‍റെ വഴിമുടക്കി കിടന്ന ഹനുമാനോട് കയര്‍ക്കുന്നത് നമ്പ്യാരുടെ ഭാഷയില്‍ ഇങ്ങനെ:

"നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ, നീയങ്ങു മാറിക്കിടക്കെടാ ശഠാ..! "
ദുര്‍ഘടസ്ഥാനത്ത് വന്നു ശയിപ്പാന്‍ നിനക്കെടാ തോന്നുവനെന്തടാ സംഗതി..? "

===============================================


2 comments:

  1. നന്നായി, ബോധിച്ചിരിക്ക്ണൂ

    ReplyDelete
  2. അക്ഷരതെറ്റുകള്‍ ദയവായി തിരുത്തൂ . ഇത്രെയും മഹത്തായത്‌ എഴുതുമ്പോള്‍ അക്ഷരതെറ്റുകള്‍ അരോചകമാണ്.

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More